ന്യൂഡല്‍ഹി: കണ്ണൂര്‍-ഡല്‍ഹി വിമാനസര്‍വ്വീസ് ഫെബ്രുവരിയില്‍ തുടങ്ങും. കേന്ദ്ര സര്‍ക്കാരിന്റെ ‘ഉഡാന്‍’ പദ്ധതിപ്രകാരം ഹിന്‍ഡന്‍ വ്യോമതാവളത്തില്‍നിന്നാണ് സര്‍വ്വീസ് തുടങ്ങുക. ഇന്‍ഡിഗോയാണ് സര്‍വ്വീസ് നടത്തുകയെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗികതീരുമാനം വൈകാതെ പുറത്തുവരും.
അടുത്തയാഴ്ചയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം. പുതിയ സര്‍വ്വീസ് നിലവില്‍ വരുന്നതോടെ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവയ്ക്കുപുറമേ ഡല്ഹിയിലേക്കുകൂടി കണ്ണൂരില്‍നിന്ന് വിമാനമാര്‍ഗം എത്താം.
യുപിയിലെ ഗാസിയാബാദിലുള്ള ഹിന്‍ഡന്‍ താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ.) 45.2 കോടി രൂപ മുടക്കി സിവില്‍ ടെര്‍മിനല്‍ നിര്‍മിക്കുന്നുണ്ട്. ഇത് ഫെബ്രുവരി മധ്യത്തോടെ പൂര്‍ത്തിയാകും. ഇതിനുശേഷമാകും കണ്ണൂരടക്കമുള്ള നഗരങ്ങളിലേക്ക് സര്‍വീസ് തുടങ്ങുക. വ്യോമസേനയുടെ എയര്‍ ട്രാഫിക് കണ്ട്രോളില് (എടിസി)നിന്നാണ് ഹിന്ഡണില്നിന്നുള്ള വിമാനങ്ങളെ നിയന്ത്രിക്കുക.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാമത്തെ റണ്‍വേയുടെയും ടെര്‍മിനല്‍ ഒന്നിന്റെയും വികസനം പൂര്‍ത്തിയാകുന്നതുവരെ ഹിന്ഡനില്നിന്നുള്ള സര്‍വ്വീസ് തുടരും. ‘ഉഡാന്‍’ സര്‍വീസുകള്‍ക്കുപുറമേ 80 സീറ്റുകളില്‍ താഴെയുള്ള സ്വകാര്യ വിമാനങ്ങളെയും ഹിന്‍ഡനിലേക്ക് മാറ്റാന്‍ നീക്കമുണ്ട്.