ന്യൂഡല്‍ഹി: സര്‍ക്കാര്‍ അതിര്‍ത്തി കടന്നു ശത്രുസേനയ്ക്കെതിരായ ‘മിന്നല്‍ പ്രഹര’ത്തിനായി മൂന്നു സേനാവിഭാഗങ്ങളിലെയും മികച്ച പോരാളികളെ ഉള്‍പ്പെടുത്തി പ്രത്യേക ‘മിന്നല്‍ പ്രഹര’ സംഘത്തിനു രൂപം കൊടുക്കാന്‍ ഒരുങ്ങുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ അതിര്‍ത്തി കടന്നെത്തി അധികനാശം വിതയ്ക്കാന്‍ പര്യാപ്തമായ പ്രത്യേക സംഘം രൂപീകരിക്കാനാണു ശ്രമമെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രത്യേക സേനാ സംഘത്തെ രൂപീകരിക്കുന്നത് 2016 സെപ്റ്റംബറില്‍ രാജ്യത്തെ പ്രത്യേക സേനകള്‍ അതിര്‍ത്തി കടന്ന് ഏഴു തീവ്രവാദ പോര്മുഖങ്ങളിലേക്കു നടത്തിയ മിന്നല്‍ ആക്രമണത്തിനു സമാനസാഹചര്യങ്ങളില്‍ നിയോഗിക്കാനാണ്. കര, വ്യോമ, നാവിക സേനകളിലെ മികച്ച അംഗങ്ങളെ ഉള്‍പ്പെടുത്തിയാകും ഈ പ്രത്യേക സംഘം രൂപീകരിക്കുകയെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
ഗരുഡ്സ്, മാക്രോസ്, പാരാസ് എന്ന പേരില്‍ വ്യോമ, നാവിക, കര സേനകള്‍ക്ക് നിലവില്‍ പ്രത്യേക കമാന്‍ഡോ വിഭാഗങ്ങളുണ്ട്. യുദ്ധതന്ത്രത്തില്‍ രാജ്യാന്തര മികവു കാട്ടുന്ന കഠിനഹൃദയരായ ഈ വീരയോദ്ധാക്കളില്‍ നിന്നാണു മിന്നല്‍ ആക്രമണത്തിനു സജ്ജമായ പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്. കരസേനാ മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തില്‍ ആസൂത്രണത്തിനും നടപ്പാക്കലിനും രണ്ടു വിഭാഗങ്ങളാണുണ്ടാകുക.
നടപടിക്കുള്ള വിഭാഗത്തെ -ലോകത്തെ ഇത്തരം പ്രത്യേക സേനകളില്‍ ഉള്ളതു പോലെ -ആക്രമണം, പിന്തുണ എന്ന തരത്തില്‍ വീണ്ടും രണ്ടായി തിരിച്ചിട്ടുണ്ട്. ആസൂത്രണത്തിനുള്ള വിഭാഗത്തില്‍ 96 പേരും അതു നടപ്പാക്കാനുളള വിഭാഗത്തില്‍ 124 പേരും ഉള്‍പ്പെടെ 220 പേരെ ഇതിനായി കണ്ടെത്തിക്കഴിഞ്ഞു.
സംഘത്തിന് ഭരണാനുമതിക്കുള്ള അപേക്ഷ കേന്ദ്ര മന്ത്രിസഭാ സമിതിക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. ആകാശത്തിലൂടെയും കടല്മാര്ഗവുമുളള ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ ദ്രുതഗതിയിലുള്ള പ്രത്യാക്രമണം ഉറപ്പാകാനാണു ശ്രമമെന്ന് അദ്ദേഹം വിശദീകരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പദ്ധതി പ്രകാരമാണ് ഇത്തരം ഒരു പ്രത്യേക സംഘത്തിനു രൂപം നല്‍കിയതെന്ന് ദേശീയ സുരക്ഷാ സമിതിയിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
ആക്രമണ ലക്ഷ്യസ്ഥാനത്തിന്റെ പ്രാദേശികവിവരങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും ഏകോപിപ്പിച്ചു പ്രഹരം കനത്തതാക്കാനും ഈ സംഘത്തിനു കഴിയും. പോര്‍ക്കളത്തിലെ മികവിനൊപ്പം അത്യാധുനിക ഭൂപടങ്ങളും വ്യോമസേനാ പിന്തുണയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഈ പ്രത്യേക സേനാ സംഘത്തിനു മികച്ച പരിശീലനം ഉറപ്പാക്കും.
ശത്രുതാ നിലപാടു തുടരുന്ന അയല്‍രാജ്യങ്ങള്‍ക്കെതിരെ യുദ്ധതന്ത്രത്തില്‍ മികവു കാട്ടുകയും ഈ സംഘത്തിന്റെ രൂപീകരണത്തിനു പിന്നിലുണ്ട്. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മികവുള്ള വിവിധ സേനകളിലെ ഒരു സംയുക്ത സംഘമാകും ഇത്. ഇനിയും പേരു വെളിപ്പെടുത്താത്ത ഈ സേനാ സംഘത്തിന് പ്രത്യേക തുക പ്രതിരോധ ബജറ്റില്‍ വകയിരുത്തും. പാക്കിസ്ഥാനില്‍ നിന്നു തുടര്‍ച്ചയായുള്ള അതിര്‍ത്തി ലംഘന ശ്രമങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുമാണ് ഈ സംഘത്തെ ഉടനടി രൂപീകരിക്കാന്‍ പ്രതിരോധ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.