ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടിങ്ങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലേക്ക് എസ്യുവി കാറിടിച്ചുകയറ്റാന്‍ ശ്രമം. വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണം നിലനില്നില്ക്കെയാണ് സംഭവം. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സ്തന ജില്ലയിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമിലേക്ക് വാഹനമിടിച്ച് കയറ്റാന്‍ ശ്രമം നടന്നത്. കൂട്ടിയിടിയില്‍ സ്ട്രോങ് റൂം ഭിത്തിയുടെ ഒരു ഭാഗം തകര്‍ന്നു. സംഭവം നടന്ന ഉടന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചു.
ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ കാര്‍ പിടിച്ചെടുത്തു. എംപി 19 സിബി 0505 എന്ന നമ്പറിലുള്ള സ്കോര്‍പിയോ വാഹനമാണ് പിടിച്ചെടുത്തത്. പ്രമോദ് യാദവ്, രുദ്ര കുശ്വാഹ എന്നിങ്ങനെ രണ്ടു പേര് അറസ്റ്റിലാവുകയും നാല് പേര് ഓടി രക്ഷപെട്ടതായുമാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. രക്ഷപെട്ടവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
മധ്യപ്രദേശില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ക്ക് മതിയായ സുരക്ഷയില്ലെന്നും അട്ടിമറി സാധ്യതയുണ്ടെന്നും കാണിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കവെയാണ്. നേരത്തെ സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തില്‍ വോട്ടിങ് മെഷീനുകള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞ് മാത്രം സ്ട്രോങ് റൂമിലേക്കെത്തിയതും സ്ട്രോങ് റൂമില്‍ സിസിടിവികള്‍ പ്രവര്‍ത്തനരഹിതമായും വിവാദമായിരുന്നു.
മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വി എല്‍ കന്തറാവു ഈ സംഭവങ്ങളെ തുടര്‍ന്ന ഇവിഎമ്മുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി.