ജോധ്പുര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കവെ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. ഹിന്ദുത്വത്തെക്കുറിച്ച് എല്ലാം അറിയാം എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അവകാശവാദമെന്നും സന്യാസിമാര്ക്കുപോലും ഇല്ലാത്ത അവകാശവാദമാണ് ഒരു നാടുവാഴി ഉന്നയിക്കുന്നതെന്നും നരേന്ദ്ര മോഡി പരിഹസിച്ചു. മോഡിക്ക് ഹിന്ദുത്വത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്ക് തിരിച്ചടിയായാണ് മോഡിയുടെ ഈ പ്രസ്താവന.
തന്റെ കോട്ടിന്റെ പോക്കറ്റില്‍ നെഹ്റു പനിനീര് പൂ ചൂടിയിരുന്നുവെന്നും പൂന്തോട്ടങ്ങളെക്കുറിച്ച് അദ്ദേഹത്തിന് എല്ലാക്കാര്യങ്ങളും അറിയാമായിരുന്നുവെന്നും എന്നാല്‍ കൃഷിയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും മോഡി ആരോപിച്ചു. അതുകൊണ്ട് രാജ്യത്തെ കര്‍ഷകര്‍ക്ക് ഏറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നുവെന്നും സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ നെഹ്റു ഒന്നും ചെയ്തില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് ഹിന്ദുത്വത്തെക്കുറിച്ച് എല്ലാ ജ്ഞാനവും ഉണ്ട് എന്ന് ഒരു ചെറിയ തൊഴിലാളി മാത്രമായ ഞാന്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ നാടുവാഴിയായ ചിലര്‍ അങ്ങനെ അവകാശപ്പെടുന്നു’ രാഹുല്‍ ഗാന്ധിയെ പരോക്ഷമായി പരാമര്‍ശിച്ച് മോഡി പറഞ്ഞു. ഹന്ദു എന്ന് അവകാശപ്പെടുന്ന മോദിക്ക് ഹിന്ദുത്വത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് കഴിഞ്ഞ ദിവസം ഉദയ്പുരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
കോണ്‍ഗ്രസിനെതിരായി രൂക്ഷമായ വിമര്‍ശനമാണ് നേരത്തെ തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ മോഡി അഴിച്ചുവിട്ടത്. തെലങ്കാനയില്‍ നാടുവാഴി ഭരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ബിജെപി മാത്രമാണ് ജനാധിപത്യത്തിന്റെ ആശയങ്ങളെ വിലമതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.