ന്യൂഡല്‍ഹി: ഡ്രോണുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നു മുതല്‍ പ്രാബല്യത്തില്‍. 250 ഗ്രാം ഭാരമുള്ള നാനോ ഡ്രോണുകള്‍ മുതല്‍ 150 കിലോഗ്രാം വരുന്ന ഹെവി ഡ്രോണുകള്‍ വരെ ഭാരമനുസരിച്ച് 5 വിഭാഗങ്ങളിലായി തിരിച്ചാണു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ സുരക്ഷാ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് അനുമതി ആവശ്യമില്ല.
രജിസ്ട്രേഷന് ആവശ്യമില്ലെങ്കിലും നാനോ ഡ്രോണുകള്‍ 50 അടിക്കു മുകളില്‍ പറക്കാന്‍ പാടില്ല. നാനോ ഡ്രോണുകള്‍ക്കു മുകളിലുള്ള എല്ലാ കുഞ്ഞന്‍ വിമാനങ്ങളും വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) നല്കുന്ന പെര്‍മിറ്റും (അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റര്‍ പെര്‍മിറ്റ് യുഎഒപി) വ്യക്തിഗത തിരിച്ചറിയല്‍ നമ്പരും (യുഐഎന്‍) നിര്‍ബന്ധമായും നേടണം. യുഐഎന്‍ ലഭിക്കണമെങ്കില്‍ 1000 രൂപയാണു ഫീസ്. യുഎഒപിക്കു 25,000 രൂപയും. ഈ പെര്‍മിറ്റ് 5 വര്‍ഷത്തേക്കാണ്. ഇതിനു ശേഷം 10,000 രൂപ നല്കി പെര്‍മിറ്റ് പുതുക്കാം.
ഡ്രോണുകള്‍ രാത്രിയില്‍ ഉപയോഗിക്കരുത്. വിമാനത്താവളങ്ങളുടെ പരിസരം, പാര്‍ലമെന്റും രാഷ്ട്രപതി ഭവനുമെല്ലാം ഉള്‍പ്പെടുന്ന ന്യൂഡല്‍ഹി വിജയ് ചൗക്ക് മേഖല, സംസ്ഥാന സെക്രട്ടേറിയറ്റ് മന്ദിരങ്ങള്‍, സേനാ കേന്ദ്രങ്ങള്‍, മറ്റു സുരക്ഷാ സ്ഥാപനങ്ങള്‍. രാജ്യാന്തര അതിര്‍ത്തിയുടെ 50 കിലോമീറ്റര്‍ പരിധിയിലും കടലില്‍ തീരത്തു നിന്ന് 500 മീറ്ററിനപ്പുറവും ഇവയ്ക്കു നിരോധനമുണ്ട്.