ഡിസംബര്‍ ഏഴ് വരെ മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് യുജി 2019ന് അപേക്ഷിക്കാന്‍ സമയം അനുവദിച്ചു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 25 വയസ്സോ അതില്‍ കൂടുതലോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഈ അപേക്ഷകരുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ഇതിന്മേലുള്ള കോടതിയുടെ അന്തിമ തീരുമാനത്തിനു വിധേയമായിരിക്കും.
ഡിസംബര്‍ എട്ടുവരെ ഫീസടയ്ക്കാന്‍ സമയമുണ്ട്. ക്രെഡിറ്റ്/ഡബിറ്റ്/നെറ്റ് ബാങ്കിങ് വഴി ഡിസംബര്‍ എട്ട് രാത്രി 11.50 വരെയും എസ്ബിഐ, ഇചലാന്‍ വഴി ഡിസംബര്‍ എട്ട് ബാങ്ക് സമയം വരെയും ഫീസ് അടയ്ക്കാം.
ഇപ്പോള്‍ ഭിന്നശേഷി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശത്തിന്റെ (https://www.mciindia.org/) അടിസ്ഥാനത്തില്‍ അപേക്ഷിക്കാം. മാര്‍ഗനിര്‍ദേശം http://www.ntaneet.nic.in ല്‍ PwD നോട്ടീസിലുള്ള ലിങ്കില്‍ നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ ബിരുദതല മെഡിക്കല്‍ പ്രവേശനത്തില്‍ ഭിന്നശേഷിയിലെ ഉയര്‍ന്ന പരിധിയില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടുള്ളതാണ്.
ഡിസെബിലിറ്റി ടൈപ്പ് (ഫിസിക്കല്‍, ഇന്റലക്ച്ചല്‍, മെന്റല്‍ ബിഹേവിയര്‍, നിശ്ചിത കാരണങ്ങളാല്‍ ഉണ്ടാകുന്ന ഡിസെബിലിറ്റി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ്) ഓരോന്നിലെയും സ്പെസിഫൈഡ് ഡിസെബിലിറ്റി, അവയുടെ പരിധി, മെഡിക്കല്‍ പ്രവേശനത്തിനുള്ള അര്‍ഹത എന്നിവ ഇതില്‍ വിശദീകരിച്ചിട്ടുണ്ട്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് നല്കിയ ഈ നിര്‍ദേശങ്ങള്‍ പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്മേല് ഔദ്യോഗിക ഭേദഗതികള്‍ വരുന്ന പക്ഷം അതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷയിന്മേല് വേണ്ട മാറ്റം വരുത്താന്‍ ജനുവരി 14 മുതല്‍ 31 വരെ അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി http://www.ntaneet.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.