ബെംഗളൂരു: നിലവിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ മുന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. മുന്‍ ധനമന്ത്രി കൂടിയായ പ്രണബ് ബംഗളൂരുവില്‍ ഒരു സെമിനാറില്‍ സംസാരിക്കവെയായിരുന്നു ഈ അഭിപ്രായം രേഖപ്പെടുത്തിയത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ ഘട്ടത്തില്‍ യഥാര്‍ഥത്തില്‍ അഞ്ച്-ആറ് ലക്ഷം കോടി ഡോളറിന്റേതെങ്കിലും ആകേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘നിലവില്‍ ഇന്ത്യന്‍ സമ്പദ് രംഗം 2.26 ലക്ഷം കോടി യുഎസ് ഡോളറിന്റേതാണ്. ഇതില്‍ ഞാന്‍ സംതൃപ്തനല്ല. മുന്‍ ധനമന്ത്രി എന്ന നിലയില്‍ എനിക്കു തോന്നുന്നത്, നാം ഇതിലും ഏറെ മുന്നേറേണ്ടതായിരുന്നു എന്നാണ്’ പ്രണബ് മുഖര്‍ജി പറഞ്ഞു.
അതേസമയം പ്രണബ് മുഖര്‍ജി ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഐക്യരാഷ്ട്ര സഭയിലെ 184 അംഗ രാജ്യങ്ങളില്‍ ആദ്യ ശ്രമത്തില്‍ത്തന്നെ ചൊവ്വാ പര്യവേഷണത്തില്‍ വിജയംവരിച്ച രാജ്യം ഇന്ത്യ മാത്രമാണെന്നും ലോകത്തിലെ മൂന്നാമത്തെ സൈനിക ശക്തിയാണ് ഇന്ത്യയെന്നും മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.