ജമ്മു കാശ്മീര്‍: ഗവര്‍ണര്‍ സത്യപാല്‍ മാലികിനെ ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന് അഭ്യൂഹം. കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ടതിന് പിന്നാലെ നടത്തിയ വിവാദ പരാര്‍ശത്തെ തുടര്‍ന്നാണിത്. സത്യമാല്‍ മാലിക് തന്നെയാണ് തന്നെ സ്ഥലംമാറ്റിയേക്കുമെന്ന് വെളിപ്പെടുത്തിയത്.
ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഇക്കാര്യം പറഞ്ഞത് ജമ്മുവിലെ കോണ്‍ഗ്രസ് നേതാവായ ഗിര്‍ധാരി ലാല്‍ ദോഗ്രയുടെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിലാണ്. എപ്പോഴാണ് തന്നെ ഇവിടെനിന്ന് മാറ്റുന്നതെന്ന് പറയാനാവില്ലെന്നും തന്നെ സ്ഥലം മാറ്റാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്.
സത്യപാല്‍ മാലിക്കിന് വിനയായത് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വെച്ച് നടത്തിയ പ്രസ്താവനയാണ്. കശ്മീരില്‍ സജാദ് ലോണിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരുന്നു.
തന്നെ കുറ്റംപറയുന്നവര്‍ക്ക് അത് തുടരാം, എന്നാല്‍ ശരിയെന്ന് ബോധ്യമുള്ളതാണ് താന്‍ ചെയ്തതെന്നും സത്യപാല്‍ മാലിക് പറഞ്ഞു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ചരിത്രത്തില്‍ അധാര്‍മികമായ നിലപാടെടുത്തുവെന്ന് വിലയിരുത്തുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.