ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വരുന്ന നിയമസഭാ ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയാണ് കോടതി തളളിയത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായുളള ബഞ്ചാണ് ഹര്‍ജി തളളിയത്. അടുത്തകാലത്തായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ സംശയമുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നതായി ഹര്ജിക്കാരന് വാദിച്ചു. അതിനാല്‍ തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പുവരുത്താന്‍ ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം തളളിയാണ് കോടതിയുടെ നടപടി. എല്ലാ മെഷീനുകളും ദുരുപയോഗിക്കാനുളള സാധ്യതയുണ്ടെന്നും എല്ലാ സംവിധാനത്തിലും സംശയങ്ങള്‍ ഉയരുന്നതും സ്വാഭാവികമാണെന്നും രഞ്ജന്‍ ഗൊഗോയ് നിരീക്ഷിച്ചു.