തെലങ്കാന: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ട്രാന്‍സ്ജെന്‍ഡര്‍. തെലങ്കാനയില്‍ സിപിഎം നേതൃത്വം നല്കുന്ന ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാണ് ട്രാന്‍സ്ജെന്‍ഡറും ആക്ടിവിസ്റ്റ് കൂടിയായ ചന്ദ്രമുഖി മുവ്വല മത്സരിക്കുന്നത്. ബിജെപി എംഎല്‍എ രാജാ സിങ്ങിനെയാണ് ചന്ദ്രമുഖി നേരിടുന്നത്. ഹൈദരാബാദിലെ ഗോഷാമഹല്‍ മണ്ഡലത്തിലാണ് ഇവര്‍ ജനവിധി തേടുന്നത്.
രാജാ സിങ്ങിനെതിരെയുള്ള ചന്ദ്രമുഖിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ആവേശത്തോടെയാണ് തെലങ്കാനയിലെ പൊതുസമൂഹം സ്വീകരിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് സിപിഎം സ്റ്റേറ്റ് സെക്രട്ടറി തമിനേനി വീരഭദ്രമാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടത്.
ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് ‘ഭാഗ്യനഗര്‍’ എന്നാക്കി പുനര്‍നാമകരണം ചെയ്യുമെന്നായിരുന്നു രാജാ സിംഗിന്റെ കഴിഞ്ഞ ആഴ്ചത്തെ പ്രഖ്യാപനം. വന്ദേമാതരം പാടാന്‍ താല്പര്യമില്ലാത്തവര് ഇന്ത്യവിടണമെന്ന് ഈയിടെയാണ് ഇയാള്‍ പ്രഖ്യാപിച്ചത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നവര്‍ ആരായാലും അവരുടെ തലകൊയ്യുമെന്നും പറഞ്ഞിരുന്നു.