ഹാക്കര്‍മാര്‍ ഏറ്റവുമധികം ലക്ഷ്യംവെക്കുന്ന ലോകത്തെ നാലുരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ഒപ്പം സൈബര്‍ തട്ടിപ്പുകാര്‍ക്കാവശ്യമായ വിവരങ്ങള്‍ നല്കി കെണിയില്പ്പെടുന്നതിലും ഇന്ത്യ മുമ്പില്‍തന്നെയാണ്. യുഎസ്, കാനഡ, നെതര്‍ലന്‍ഡ്സ് എന്നിവയാണ് ഈ പട്ടികയിലെ മറ്റു രാജ്യങ്ങള്‍. ഡെല്‍ ടെക്നോളജീസിന്റെ ആര്‍എസ്എ സെക്യുരിറ്റി പുറത്തുവിട്ട അന്വേഷണറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്.
ഇമെയില്‍ വഴി യൂസര്‍ നെയിം, പാസ്വേര്ഡ്, ക്രഡിറ്റ് കാര്‍ഡ് തുടങ്ങിയ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നതിനെയാണ് ‘ഫിഷിങ്’ എന്നു പറയുന്നത്. 2018 ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെ ലോകത്താകമാനം രേഖപ്പെടുത്തിയ സൈബര്‍ ആക്രമണങ്ങളില്‍ 50 ശതമാനവും ഫിഷിങ് ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 38,196 സൈബര്‍ ആക്രമണങ്ങളാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഇക്കാലയളവിലുണ്ടായത് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ രേഖപ്പെടുത്തിയതിനെക്കാള്‍ 70 ശതമാനം വര്‍ധനയാണ്. അതേസമയം സാമ്പത്തിക തട്ടിപ്പുനടത്തുന്ന മാല്‍വേറുകളുടെ ആക്രമണം 16 ശതമാനത്തില്‍ നിന്ന് 12 ആയി കുറയുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത് കഴിഞ്ഞ പതിറ്റാണ്ടില്‍ സൃഷ്ടിക്കപ്പെട്ട ഫിഷിങ്ങിലൂടെയും മാല്‍വേറുകള്‍ വഴിയുമാണ്.