അംബികാപുര്‍: റാഫേല്‍ ഇടപാട് സംബന്ധിച്ച വിശദാംശങ്ങളിന്മേല് തുറന്ന സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇടപാട് സംബന്ധിച്ച് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് മോഡിക്ക് കഴിയില്ലെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
റാഫേല്‍ വിഷയത്തില്‍ 15 മിനിറ്റ് തുറന്ന സംവാദത്തിന് മോഡിയെ വെല്ലുവിളിക്കുകയാണെന്നും അതിനായി ഏതിടത്തും ഏതു സമയത്തും എത്താന്‍ തയ്യാറാണെന്നും അനില്‍ അംബാനിയെയും എച്ച്എഎലിനെയും കുറിച്ചും ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയെക്കുറിച്ചും സംസാരിക്കാന്‍ അദ്ദേഹം തയ്യാറാവണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇടപാടില്‍ നടപടിക്രമങ്ങള്‍ പാലിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ലെന്നും രാത്രി രണ്ടു മണിക്കാണ് സിബിഐ ഡയറക്ടറെ മാറ്റിയതെന്നും ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാന്‍ മോഡിക്ക് സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ മോഡിയെ വെല്ലുവിളിച്ചത് ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്. 15 വര്‍ഷമായി ഛത്തീസ്ഗഡ് ഭരിക്കുന്ന ബിജെപി സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ ഒഴിവുകള്‍ പൂര്‍ണമായും നികത്തും. ജോലി പുറംകരാര്‍ നല്‍കുന്നത് നിര്‍ത്തലാക്കും. അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.