ന്യൂഡല്‍ഹി: നാവികസേനയ്ക്ക് കരുത്ത് കൂട്ടാനായി എംഎച്ച് 60 റോമിയോ സീഹോക് ഹെലികോപ്റ്ററുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. അന്തര്‍വാഹിനികളെ നിരീക്ഷിക്കാന്‍ കഴിയുന്ന എംഎച്ച് 60 റോമിയോ സീഹോക് ഹെലികോപ്റ്ററുകള്‍ ഇന്ത്യ അമേരിക്കയില്‍ നിന്നാണ് വാങ്ങുന്നത്. 24 ഹെലിക്കോപ്റ്ററുകള്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഇതിന് രണ്ട് ബില്യണ്‍ ഡോളര്‍ (ഏകദേശം 14,357 കോടി രൂപ) ആണ് ചെലവ്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനികളുടെ നീക്കം കൃത്യമായി നിരീക്ഷിക്കാന്‍ റോമിയോ ഹെലിക്കോപ്റ്ററുകള്‍ ഏറെ സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സിങ്കപ്പൂരില്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുതിയ തീരുമാനം.
ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. അര്‍ജന്റിനയില്‍ നവംബര്‍ ഒടുവില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ ട്രംപ്
-മോദി കൂടിക്കാഴ്ച നടക്കുമെന്നും ഇതില്‍ ഹെലികോപ്റ്റര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു.