ന്യൂഡല്‍ഹി: തീവണ്ടികളില്‍ മോഷണം തുടര്‍ക്കഥയായി മാറുന്നു. കിടക്കവിരി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വന്‍തോതില്‍ നഷ്ടപ്പെടുന്നതായി റെയില്‍വെ അറിയിച്ചു. യാത്രക്കാരുടെ വേഷത്തിലെത്തുന്നവരാണ് മോഷണം നടത്തുന്നത്. ഇതേതുടര്‍ന്ന് റെയില്‍വെയ്ക്ക് ഉണ്ടായത് കോടിക്കണക്കിന് രൂപുടെ നഷ്ടമാണ്.
ഏകദേശം 14 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. 2017-’18-ല്‍ ശീതികരിച്ച കോച്ചുകളില്‍നിന്ന് 12,83,415 തൂവാലകള്‍, 4,71,077 കിടക്കവിരികള്‍, 3,14,952 തലയണയുറകള്‍ എന്നിവ നഷ്ടമായി. ഈ വര്‍ഷം 56,287 തലയണയുറകളും 46,515 പുതപ്പുകളും നഷ്ടമായി. ഇതിനുപുറമേ കക്കൂസില്‍ ഉപയോഗിക്കുന്ന മഗ്ഗുകള്‍, പൈപ്പുകള്‍, ഫ്ലഷ് പൈപ്പുകള്‍, കണ്ണാടി എന്നിവയും സ്ഥിരമായി മോഷണം പോകുന്നതായി അധികൃതര്‍ അറിയിച്ചു.
മോഷണം സ്ഥിരമാകുന്നത് മുന്നില്‍ കണ്ട് ഇനിമുതല്‍ ഉപയോഗശേഷം കളയാവുന്ന തൂവാലകളാകും നല്‍കുക. ഒരുമാസം കൂടുമ്പോഴാണ് സാധാരണ കമ്പിളിപ്പുതപ്പുകള്‍ കഴുകാറ്. എന്നാലിത് രണ്ടാഴ്ചയില്‍ ഒരിക്കലാക്കി. മാത്രമല്ല പുതിയ ഡിസൈനിലുള്ള ഭാരം കുറഞ്ഞ പുതപ്പ് റെയില്‍വെ ആലോചനയിലാണ്. കള്ളന്മാരെ പിടികൂടാനുള്ള ശ്രമവും നടത്തിവരികയാണ്.