ഭോപ്പാല്‍: ബിജെപിക്ക് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭീഷണിയായി വിമതരുടെ പട. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ബുധനാഴ്ച അവസാനിച്ചിരിക്കെ പിന്മാറാതിരുന്ന 53 വിമത സ്ഥാനാര്‍ത്ഥികളെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിമതരായി രംഗത്തുള്ളത് മുന്‍ മന്ത്രിമാരും എംഎല്‍എമാരും അടക്കമുള്ളവരാണ്.
ബിജെപി നേതൃത്വം ബുധനാഴ്ച വൈകീട്ട് വരെ വിമതരെ പിന്തിരിപ്പിക്കാന് കഠിന ശ്രമങ്ങള്‍ നടത്തിയിട്ടും ഭൂരിപക്ഷം പേരും മത്സരിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതോടെയാണ് അച്ചടക്കലംഘനത്തിന് ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. രണ്ട് ഡസനോളം സീറ്റുകളിലാണ് ബിജെപിക്ക് വിമത ഭീഷണിയുള്ളത്
മുന്‍ മന്ത്രിമാരായ രാമകൃഷ്ണ കുസ്മരിയ, കെഎല്അഗര്വാള്, മൂന്ന് മുന്‍ എംഎല്‍എമാര്‍, ഒരു മുന്‍ മേയര്‍ എന്നിവരും ബിജെപി പുറത്താക്കിയ വിമതരില്‍ ഉള്‍പ്പെടുന്നുണ്ട്. അതേ സമയം പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനേയും വിമത ശല്യം അലട്ടുന്നുണ്ട്. 12 സീറ്റുകളില്‍ കോണ്‍ഗ്രസ് വിമതര്‍ മത്സരിക്കുന്നുണ്ട്. പുറത്താക്കിയ മുന്‍ എംഎല്‍എ സേവ്യര്‍ മേദയും ഇതില്‍പ്പെടും.
ബിജെപിയില്‍ ഏറ്റവും വലിയ വിമത ഭീഷണി നേരിടുന്ന പ്രമുഖന് ദമോ മണ്ഡലത്തില്‍ മത്സരിക്കുന്ന ധനകാര്യ മന്ത്രിയായ ജയന്ത് മല്ലയ്യയാണ്. രാമകൃഷ്ണ കുസ്മരിയയാണ് ജയന്ത് മല്ലയ്യക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നത്. തൊട്ടടുത്ത മണ്ഡലമായ പതാരിയയിലും കുസ്മരിയ പത്രിക നല്‍കിയിട്ടുണ്ട്.