ഹൈദരാബാദ് : താനൊരു കര്‍ഷകനാണ് പക്ഷേ കോടിക്കണക്കിന് രൂപയുടെ ആസ്തി ഉണ്ടെന്ന് വെളിപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി. തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗജവേല്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു തന്റെ സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. താന്‍ ഇപ്പോഴും കര്‍ഷകനാണെന്ന് പത്രികയില്‍ റാവു അവകാശപ്പെടുന്നു. ആറര കോടി രൂപ മൂല്യമുള്ള 54 ഏക്കര്‍ കൃഷിസ്ഥലം തനിക്ക് ഉണ്ടെന്ന് ചന്ദ്രശേഖര റാവു നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കി.
റാവുവിന്റെ പാര്‍ട്ടിയുടെ ചിഹ്നം കാറാണ്. പക്ഷെ തനിക്ക് സ്വന്തമായി കാറില്ലെന്ന് റാവു സൂചിപ്പിക്കുന്നു. തന്റെ ആകെ ആസ്തി 22.61 കോടിയാണ്. 12.20 കോടിയുടെ സ്ഥാവര സ്വത്തും 10.40 കോടിയുടെ ജംഗമ സ്വത്തും. ഭാര്യ കെ.ശോഭയുടെ കൈവശം 94.5 ലക്ഷമുണ്ടെന്നും തെലങ്കാന മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ റാവുവിന്റെ ആസ്തിയില്‍ അഞ്ചര കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഈകാലയളവില്‍ 16 ഏക്കര്‍ ഭൂമിയും അദ്ദേഹം സ്വന്തമാക്കി. 2014 ല്‍ 15.95 കോടിയായിരുന്നു ആസ്തിയായി കാണിച്ചിരുന്നത്. 2012-13 കാലത്തെ സമ്പാദ്യം 6.59 ലക്ഷവും.
കൃഷിയില്‍നിന്നുള്ള 91.52 ലക്ഷം ഉള്‍പ്പെടെ 201718 വര്‍ഷത്തെ സമ്പാദ്യം 2.07 കോടി. തെലങ്കാന ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡില്‍ 4.71 കോടിയും ബാങ്കുകളില്‍ 5.63 കോടിയും നിക്ഷേപമുണ്ട്. ഹൈദരാബാദിലും കരിംനഗറിലുമായി 2 വസതികളുണ്ട്. ഇവയുടെ മൂല്യം 5.10 കോടി. സിദ്ദിപ്പേട്ടില്‍ 60 ലക്ഷം രൂപ മതിപ്പുള്ള 2.04 ഏക്കര്‍ ഭൂമിയുണ്ടെന്നും ചന്ദ്രശേഖര്‍ റാവു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.