റായ്പൂര്‍: വോട്ട് ചെയ്തവരെ ആക്രമിക്കുമെന്ന ഭീഷണിയുമായി മാവേവാദികള്‍. ഛത്തീസ്ഗഢിലാണ് സംഭവം. വോട്ട് ചെയ്തവരുടെ വിരല്‍ അരിയമെന്നാണ് ഭീഷണി. മാവോവാദി ആക്രമണങ്ങള്‍ക്കിടെയാണ് ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. മാവോവാദി ശക്തീകേന്ദ്രമായ എട്ട് മണ്ഡലങ്ങളിലും ഇത്തവണ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇതില്‍ പ്രകോപിതരായി വോട്ട് ചെയ്തവരെ ആക്രമിക്കുമെന്ന് ഭീഷണിമുഴക്കിയിരിക്കുകയാണ് മാവോവാദികള്‍.
ഇതോടെ ജനങ്ങള്‍ ഭീതിയിലായി. മാവോവാദികളുടെ ഭീഷണിയില്‍ ഭയന്ന് വിരലില്‍ പതിഞ്ഞ വോട്ടിങ് മഷി മായ്ക്കാനുള്ള തന്ത്രപ്പാടിലാണ് പ്രദേശവാസികള്‍. 60.62 ശതമാനം പോളിങ് രേഖപ്പെടുത്തിയ ദാന്തേവാഡ ജില്ലയില്‍ നിന്നാണ് ഇങ്ങനൊരു റിപ്പോര്‍ട്ട്. ഇന്ദ്രാവതി നദിയുടെ തീരത്തുള്ള ഏഴ് പോളിങ് ബൂത്തുകള്‍ മാവോവാദി ഭീഷണിയെത്തുടര്‍ന്ന് സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയിരുന്നു. കിലോമീറ്ററുകള്‍ താണ്ടിയാണ് ആളുകള്‍ സമ്മതിദാനം നിര്‍വഹിച്ചത്. ഇവരുടെ വിരലരിയുമെന്നാണ് ഭീഷണി.