ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതകവിലയില്‍ വന്‍വര്‍ധനവ്. ആറു മാസത്തിനിടെ പാചകവാതക വില ഉയര്‍ന്നത് ഏഴു തവണയാണ്. ഈ കാലയളവില്‍ സബ്സിഡിയില്ലാത്ത 14.2 കിലോഗ്രാം ഗാര്‍ഹിക സിലിന്‍ഡറിന് 291 രൂപ കൂടി. അസംസ്കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വില ഒരു മാസത്തിലേറെയായി കുറയുമ്പോഴും പാചകവാതകത്തിനു മാത്രം കൂടുന്നു.
നവംബര്‍ ഒന്നിന് സബ്സിഡിയുള്ള സിലിന്‍ഡറിന് 2.94 രൂപയും ഒമ്പതിന് ഏജന്‍സി കമ്മീഷനായി വീണ്ടും രണ്ടുരൂപയും കൂട്ടി. സബ്സിഡിയുള്ള സിലിന്‍ഡറിന് നവംബറില്‍ മാത്രം അഞ്ചു രൂപയോളം കൂടി. സബ്സിഡിയില്ലാത്തതിന് 63 രൂപയും. ഒക്ടോബറില്‍ സിലിന്‍ഡറിന് 879 രൂപയായിരുന്നത് നവംബറില്‍ 942-ലെത്തി.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വിലയുള്ള പട്നയില്‍ ഒരു സിലിന്‍ഡറിന്റെ വില 1040 രൂപയാണ്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം സബ്സിഡി ഉപേക്ഷിച്ചവരും കൂടുതല്‍ പാചകവാതകം ഉപയോഗിക്കുന്നവരുമാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്. ഒരു കുടുംബത്തിന് വര്‍ഷം 12 സിലിന്‍ഡറാണ് സബ്സിഡിയില്‍ ലഭിക്കുക.
അതിനുശേഷമുള്ളതിന് മുഴുവന്‍വിലയും നല്‍കണം. വിലക്കയറ്റത്തിന് ആനുപാതികമായാണ് സബ്സിഡി. ആറുമാസംമുമ്പ് സബ്സിഡി കഴിഞ്ഞ് സിലിന്‍ഡറിന് 491 രൂപയായിരുന്നു വില. ഇപ്പോഴിത് 516 രൂപയാണ്. അതുകൊണ്ടുതന്നെ സബ്സിഡി ലഭിക്കുന്നവരെയും വിലവര്‍ധന ബാധിച്ചിട്ടുണ്ട്.