ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി വടക്കന്‍ തമിഴ്നാട്, തെക്കന്‍ ആന്ധ്ര തീരങ്ങളില്‍ ശക്തിപ്രാപിക്കുന്നതായി ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പ്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നതോടെ ബംഗാള്‍ ഉള്‍ക്കടല്‍ നവംബര്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അതിപ്രക്ഷുബ്ദം ആകാനും നവംബര്‍ 15-നു പ്രക്ഷുബ്ദം ആകാനും സാധ്യതയുണ്ട്.
മല്‍സ്യത്തൊഴിലാളികള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തെക്ക്, മധ്യ ബംഗാള്‍ ഉള്‍ക്കടലിലും നവംബര്‍ 13 മുതല്‍ 15 വരെ തെക്ക്-പടിഞ്ഞാറ്, മധ്യ-പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിനു പോകരുത് എന്നു മുന്നറിയിപ്പില്‍ പറയുന്നു. ആഴക്കടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും വേഗം തിരിച്ചെത്തണമെന്നും നിര്‍ദേശമുണ്ട്.
ചുഴലിക്കാറ്റിനെ തുടര്‍ന്നു ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയില്‍ 15, 16 തിയതികളിലും, ഇടുക്കി, വയനാട് ജില്ലകളില്‍ 16-നും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയില്‍ 16-ന് ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ഗജ എന്നു പേരിട്ടിരിക്കുന്ന കാറ്റ് കടലൂരിനും ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ വ്യാഴാഴ്ച ആഞ്ഞടിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 80 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുക. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നൈയില്‍നിന്ന് 730 കിലോമീറ്റര്‍ ദൂരത്തും നാഗപട്ടണത്തുനിന്ന് 840 കിലോമീറ്റര്‍ ദൂരത്തുമാണ് കാറ്റ്.