ന്യൂഡല്‍ഹി: ശുക്ര ഗ്രഹത്തേക്കുറിച്ച് പഠിക്കാനായി ഇന്ത്യ ആദ്യ ബഹിരാകാശ പേടകം 2023 ല്‍ വിക്ഷേപിക്കും. 2022 ലാകും ഇന്ത്യ ആദ്യമായി മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നത് എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് കൃത്യം ഒരു വര്‍ഷത്തിന് ശേഷമാകും ശുക്രനിലേക്ക് ഐഎസ്ആര്‍ഒ പേടകമയയ്ക്കുക. 12 പേലോഡുകളാകും ശുക്രദൗത്യത്തില്‍ ഉണ്ടാവുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ശാസ്ത്രലോകം ശുക്രനെ വിളിക്കുന്നത് ഭൂമിയുടെ ഇരട്ട സഹോദരിയെന്നാണ്. വലിപ്പം, പിണ്ഡം, സാന്ദ്രത, ഗുരുത്വ ബലം, ഘടന എന്നിവയില്‍ ഭൂമിയുമായി ഏറെ സമാനതകളുള്ള ഗ്രഹമാണ് ശുക്രന്. ഗ്രഹത്തിന്റെ ഉപരിതലം, അന്തരീക്ഷം, സൗരവാതങ്ങളോടും സൂര്യനില്‍ നിന്നുള്ള വികിരണങ്ങളോടുമുള്ള പ്രതികരണം എന്നിവയേക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുക എന്നതാവും ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ശുക്രനില്‍ നിന്ന് കുറഞ്ഞദൂരം 500 കിലോമീറ്ററും കൂടിയദൂരം 60,000 കിലോമീറ്ററും ആയ ഭ്രമണ പഥത്തിലായിരിക്കും പേടകത്തെ ആദ്യം എത്തിക്കുക. ശേഷം പടിപടിയായി ഇതു കുറച്ചുകൊണ്ടുവന്ന് സ്ഥിരമായ ഭ്രമണ പഥത്തിലേക്ക് പേടകത്തെ എത്തിക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്.
ആഗോള തലത്തില്‍ ബഹിരാകാശ ഏജന്‍സികളേയും സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവരേയും ദൗത്യത്തില്‍ പങ്കാളിയാകാന്‍ ഐഎസ്ആര്‍ഒ ക്ഷണിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കുന്നവരുടെ പേലോഡുകള്‍ പേടകത്തിനൊപ്പമുണ്ടാകും. 2018 ഡിസംബര്‍ 20 വരെ ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം.