റായ്പൂര്‍: ഛത്തീസ്ഗഡിലെ അന്റഗഡ് ഗ്രാമത്തില്‍ ഏഴിടത്ത് മാവോയിസ്റ്റുകള്‍ സ്ഫോടനം നടത്തി. അതിനെ തുടര്‍ന്ന് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു. നാളെ ഛത്തീസ്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്ഫോടനങ്ങള്‍.
ഏറ്റുമുട്ടല്‍ നടക്കുന്നത് തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 175 കിലോമീറ്റര്‍ അകലെയുള്ള കങ്കെര്‍ ജില്ലയിലാണ്. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് അംഗങ്ങളാണ് ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. ഏറ്റുമുട്ടലിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മാവോയിസ്റ്റുകളുമായി ബിജാപുരില്‍ മറ്റൊരു ഏറ്റുമുട്ടലും നടന്നിട്ടുണ്ട്. ഒരു മാവോയിസ്റ്റിന്റെ മൃതദേഹം കണ്ടെത്തുകയും ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു.