ഇന്ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യഭ്യാസമന്ത്രി മൗലാന അബുള്‍ കലാം ആസാദിന്റെ ജന്മദിനമാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന് ദേശീയ വിദ്യഭ്യാസദിനമായാണ് ആചരിക്കുന്നത്. പ്രാഥമിക വിദ്യഭ്യാസത്തിന്റെ ആവശ്യകതയെ എക്കാലവും ഓര്‍മ്മിപ്പിച്ച വ്യക്തിയാണ് മൗലാന അബുള്‍ കലാം ആസാദ്.
മൗലാനാ അബുള്‍ കലാം ആസാദ് ജനിച്ചത് 1888 നവംബര്‍ 11ന് മക്കയിലാണ്. 1947 മുതല്‍ 1958 വരെ അദ്ദേഹം ഇന്ത്യയുടെ വിദ്യഭ്യാസ മന്ത്രിയായിരുന്നു. അദ്ദേഹം വിദ്യഭ്യാസരംഗത്ത് നിരവധി പരിഷ്കാരങ്ങളാണ് നടപ്പിലാക്കിയത്.
ബാങ്കുകളിലല്ല ഇന്ത്യയുടെ സമ്പത്ത് മറിച്ച് സ്കൂളുകളിലാണെന്ന് പറഞ്ഞ അബുള്‍ കലാം ആസാദ് കുട്ടികള്‍ക്ക് പ്രാഥമിക വിദ്യഭ്യാസം നല്കേണ്ടകതിന്റെ ആവശ്യകതയെക്കുറിച്ച് പൂര്‍ണ ബോധവാനായിരുന്നു. പതിനാല് വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ നിര്‍ബന്ധിത വിദ്യഭ്യാസം നല്‍കണമെന്ന് അദ്ദേഹം വാദിച്ചിരുന്നു.
സാര്‍വത്രികവും സൗജന്യവുമായ പ്രാഥമിക വിദ്യഭ്യാസം, സാങ്കേതികത, സാക്ഷരത എന്നിവ ഇന്ത്യയുടെ അടിസ്ഥാന ലക്ഷ്യങ്ങളായി കണ്ട രാജ്യം അബുള്‍ കലാം ആസാദ് അതിനായി അക്ഷീണം പ്രവര്‍ത്തിച്ചു. രാജ്യത്തിന്റെ വികസനം പൂര്‍ണമാകുന്നത് വിദ്യഭ്യാസത്തിലൂടെയാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു
മൗലാന അബുള്‍ കലാം ആസാദ് വിദ്യഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് 1953ല്‍ യുജിസിക്ക് രൂപം നല്‍കിയത്. 1956ല്‍ ഔദ്യോഗികമായി യുജിസി നിലവില്‍ വന്നു. സെക്കണ്ടറി എജ്യുക്കേഷന്‍ കമ്മീഷന് നിയമിച്ചതും ഓള് ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ സ്ഥാപിച്ചതും അദ്ദേഹമാണ്.
കലാസാംസ്കാരിക രംഗത്തും അദ്ദേഹത്തിന്റെ പരിഷ്കരണങ്ങള്‍ എത്തിയിരുന്നു. 1953ല്‍ രൂപം കൊണ്ട സംഗീതനാടക അക്കാദമിയും ലളിതകലാ അക്കാദമിയും (1956) അദ്ദേഹത്തിന്റെ സംഭാവനകളാണ്. ഉന്നത വിദ്യഭ്യാസ രംഗത്ത് തലയുയര്‍ത്തി നില്ക്കുന്ന ഐഐടി എന്ന ആശയവും ആ പേരും മൗലാനാ അബുള്‍ കലാം ആസാദിന്റെ ആശയമാണ്.
സ്വാതന്ത്ര്യ സമര സേനാനി, എഴുത്തുകാരന്, പത്രപ്രവര്ത്തകന് എന്നീ വിശേഷണങ്ങള്‍ക്കെല്ലാം ഉടമയായ ആ പതിഭാശാലിക്ക് മരണാനന്തര ബഹുമതിയായി 1992 ല്‍ രാജ്യം ഭാരതരത്നം നല്കി ആദരിച്ചു. 1958 ഫെബ്രുവരി 22നാണ് അദ്ദേഹം അന്തരിച്ചത്.