പാറ്റ്ന: വിവാഹമോചനത്തിനു ബന്ധുക്കള്‍ സമ്മതിക്കാതെ വീട്ടിലേക്കു മടങ്ങില്ലെന്നു ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവ്. താന്‍ ഇപ്പോള്‍ ഹരിദ്വാറിലാണുള്ളതെന്നു സ്ഥിരീകരിച്ച തേജ് പ്രതാപ്, ഇളയ സഹോദരനും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിന് ജന്മദിനാശംസയും നേര്‍ന്നു.
റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെത്തി പിതാവ് ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ചു മടങ്ങിയ തേജ് പ്രതാപ് വീട്ടില്‍ മടങ്ങിയെത്തിയില്ല. ശനിയാഴ്ച ബോധ്ഗയയിലാണ് തേജ് പ്രതാപിനെ അവസാനമായി കാണുന്നത്. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവ് ഇപ്പോള്‍ റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിവാഹ മോചനം സംബന്ധിച്ച അഭിപ്രായം ചോദിക്കുന്നതിനാണ് തേജ് പ്രതാപ് ലാലുവിനെ സന്ദര്‍ശിച്ചത്. ഈ വര്‍ഷം മേയിലായിരുന്നു തേജ് പ്രതാപിന്റെയും ഐശ്വര്യ റായിയുടെയും വിവാഹം. പാറ്റ്നയില്‍ പതിനായിരത്തില്‍ അധികം അതിഥികളുടെ സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ റായിയുടെയും ആര്‍എല്‍ഡി നേതാവും എംഎല്‍എയുമായ ചന്ദ്രികാ റായിയുടെയും മകളാണ് ഐശ്വര്യ റായി.
നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായിരുന്നു തേജ് പ്രതാപ്. എന്നാല്‍ ആര്‍ജെഡിയുമായി നിതീഷ് കൂട്ടുവെട്ടിയതോടെ തേജ് പ്രതാപിനു മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ഐശ്വര്യയില്നിന്നു ഡിവോഴ്സ് ആവശ്യപ്പെട്ട് തേജ് പ്രതാപ് പാറ്റ്ന കുടുംബ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. നവംബര്‍ 29-ന് ഹര്‍ജി കോടതി പരിഗണിക്കും.