മഡ്ഗാവ്: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ അനാരോഗ്യം നിലനില്‍ക്കെ ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിനയ് തെണ്ടുല്‍ക്കറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കര്‍ പരസ്യമായി രംഗത്തെത്തി. ‘സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയാത്ത കാര്യപ്രാപ്തിയില്ലാത്ത അധ്യക്ഷന്‍ രാജിവെക്കണം. അല്ലെങ്കില്‍ അദ്ദേഹത്തെ നീക്കാന്‍ കേന്ദ്ര നേതൃത്വം തയ്യാറാകണം-പര്‍സേക്കര്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി താത്പര്യത്തെ മുന്‍നിര്‍ത്തിയാണ് താന്‍ ഇക്കാര്യം പറയുന്നതെന്ന് പര്‍സേക്കര്‍ പറയുന്നു. അല്ലാതെ വ്യക്തി വിരോധം വെച്ച് ആരോപണം ഉന്നയിക്കേണ്ട കാര്യമില്ല എന്നും പര്‍സേക്കര്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹം വെറുപാവയാണ്. തീരുമാനമെടുക്കാനുള്ള ശേഷിയില്ല. അദ്ദേഹത്തിന്റെ കീഴിലുള്ള പാര്‍ട്ടി സംവിധാനം ഒന്നാകെ അഴിച്ചുപണിയണം’- പര്‍സേക്കര്‍ ആവശ്യപ്പെട്ടു.
മുന്‍ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു പര്‍സേക്കറുടെ പ്രതികരണം. അനാരോഗ്യം പറഞ്ഞ് ഒഴിവാക്കിയതില്‍ ഗോവ ബിജെപിയിലെ ന്യൂനപക്ഷ മുഖമായിരുന്ന ഡിസൂസ നേതൃത്വത്തോട് നീരസത്തിലാണ്. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നീങ്ങുന്നതിനിടെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ വിശ്വജിത് റാണെയുടെ നേതൃത്വത്തില്‍ രാജിവെപ്പിച്ച് ബിജെപി പാളയത്തിലെത്തിച്ചിരുന്നു.
ഇവരില്‍ ദയാനന്ദ് സോപ്റ്റയെ മാണ്ഡരിം മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള ബിജെപി നീക്കമാണ് പര്‍സേക്കറുടെ നേതൃത്വത്തിലുള്ളവരുടെ കലാപത്തിന് പിന്നിലെന്നാണ് സൂചന. 2014-17 കാലത്ത് മുഖ്യമന്ത്രിയായിരുന്ന പര്‍സേക്കര്‍ പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിരുന്നെങ്കിലും അന്ന് പ്രതിരോധമന്ത്രിയായിരുന്ന പരീക്കറെ രംഗത്തിറക്കി ചെറുകക്ഷികളുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപവത്കരിക്കുകയായിരുന്നു.