ന്യൂഡല്‍ഹി: രാജ്യത്തെ നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാന മന്ത്രി മന്മോഹന് സിംഗ്. കുറച്ച് സമയം എടുത്താല്‍ ഏത് മുറിവും ഭേദപ്പെടുമെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ നോട്ട് നിരോധനത്തിന്റെ കാര്യത്തില്‍ വളരെ നിര്‍ഭാഗ്യകരമാണ്. നോട്ട്നിരോധനംമൂലമേറ്റ ആഴത്തിലുള്ള മുറിവുകളും മുറിപ്പാടുകളും കൂടുതല്‍ വ്യക്തതയോടെ പ്രത്യക്ഷപ്പെട്ട് വരാനിരിക്കുന്നതേ ഉള്ളുവെന്ന് മന്മോഹന് സിംഗ് പറയുന്നു.
‘സാമ്പത്തിക നയങ്ങളില്‍ നിശ്ചിതത്വവും വ്യക്തതയും സര്‍ക്കാര്‍ കൊണ്ടുവരണം. സാമ്പത്തിക നയങ്ങളിലെ അനാവശ്യമായ സാഹസികത എങ്ങനെയാണ് രാജ്യത്തെ നീണ്ട കാലത്തേക്ക് അലോരസപ്പെടുത്തുക എന്നും സാമ്പത്തിക നയങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന്റെ ആവശ്യകതയും മനസ്സിലാക്കേണ്ട ദിവസമാണിന്ന്’- അദ്ദേഹം പറഞ്ഞു.
ചെറുകിട വ്യവസായങ്ങള്‍ ഇനിയും നോട്ടുനിരോധനത്തില്‍ നിന്നും കരകയറിയിട്ടില്ല എന്നും, യുവാക്കളുടെ ജോലി സാധ്യതയെ നോട്ടുനിരോധനം നേരിട്ട് ബാധി്ച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഹ്രസ്വകാല സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടു കൊണ്ട് ഇനിയു ഇത്തരം അസാധാരണ നയങ്ങള്‍ അവലംബിക്കരുത്, അത് സാമ്പത്തിക മേഖലയിലും കമ്പോളത്തിലും അരക്ഷിതാവസ്ഥയുണ്ടാക്കും’- മന്മോഹന് പറഞ്ഞു.