പട്ന: വിവാഹമോചനത്തെ വീട്ടുകാര്‍ അനുകൂലിക്കാത്തതില്‍ പ്രതിഷേധിച്ച് വീട് വിട്ട് ഇറങ്ങി ലാലുപ്രസാദിന്റെ മകന് തേജ് പ്രതാപ് യാദവ്. വാരാണാസിയില്‍ ഉണ്ടെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. പരമഭക്തനായ തേജ് പ്രതാപ് മനഃശാന്തി തേടിയാണ് ക്ഷേത്രദര്‍ശനത്തിന് പോയതെന്നാണ് ബന്ധുക്കളോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
വിവാഹമോചനത്തിന് അനുമതിതേടി റാഞ്ചി ജയിലില്‍ കിടക്കുന്ന അച്ഛന് ലാലുപ്രസാദ് യാദവിനെ കണ്ടശേഷം മകന് തിരികെ വീട്ടില്‍ വന്നില്ലെന്ന് തേജിന്റെ അമ്മയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്രിദേവി പറഞ്ഞു. എന്നാല്‍, തേജിനെ കാണാനില്ലെന്ന പ്രചാരണം തള്ളിയ റാബ്രി, കുടുംബത്തിലെ മറ്റുചിലരുമായി തേജ് പ്രതാപിന് ബന്ധപ്പെടുന്നുണ്ടെന്ന് പറഞ്ഞു. വിവാഹത്തിന് ഏതാനും മാസങ്ങള്‍ക്കുശേഷം തേജ് വൃന്ദാവനത്തില്‍ ചെന്ന്, തലയില്‍ മയില്‍പ്പീലി ചൂടി ഓടക്കുഴല്‍ വായിച്ച് പശുക്കൂട്ടത്തോടൊപ്പം സമയം ചെലവഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ആറുമാസംമുമ്പാണ് തേജും മുതിര്‍ന്ന ആര്‍ജെഡി നേതാവ് ചന്ദ്രികറായുടെ മകള്‍ ഐശ്വര്യറായിയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍, ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഇരുവരും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടാകുകയും വിവാഹ മോചനം ആവശ്യപ്പെട്ട് തേജ് പട്ന ഹൈക്കോടതിയെ സമീപിക്കുകയുംചെയ്തു. ചില പൊരുത്തക്കേടുകള്‍ ഉള്ളതുകൊണ്ട് ദാമ്പത്യം തുടരാനാകില്ലെന്നാണ് തേജ് കോടതിയെ അറിയിച്ചത്.