ഗുരുഗ്രാം: വണ്ടിയുടെ ബുക്കും പേപ്പറും ചോദിച്ചതില്‍ കലിപൂണ്ട് പോലീസുകാരന്റെ കണ്മുന്പില് വെച്ച് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന് തീയിട്ട് പാല്‍വില്‍പ്പനക്കാരന്‍. ഹരിയാനയിലെ പഴയ റെയില്‍വെ സ്റ്റേഷന് റോഡിന് സമീപമാണ് സംഭവം. അഗ്നിക്കിരയാക്കിയ ബൈക്ക് ഉടന്‍ തന്നെ അണച്ചത് കാരണം വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ചെവ്വാഴ്ചയാണ് സംഭവം. 30 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ് അക്രമം കാണിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബൈക്കിന്റെ പുറകില്‍ രണ്ട് വലിയ പാത്രം നിറയെ പാല് കെട്ടിവച്ചു കൊണ്ട് വരവേ ട്രാഫിക് പോലീസുകാരന് വണ്ടി തടയുകയായിരുന്നു. വണ്ടിയുടെ നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് ‘ഓം നമ ശിവായ’ എന്നായിരുന്നു എഴുതിയിരുന്നത്. ഒപ്പം ഇയാള്‍ ഹെല്‍മറ്റും ധരിച്ചിട്ടില്ലായിരുന്നു. പന്തികേട് തോന്നിയ പോലീസ് ഇയാളോട് പിഴ അടക്കാനും വണ്ടിയുടെ രേഖകള്‍ കാണിക്കാനും ആവശ്യപ്പെടുകയുമായിരുന്നു.
എന്നാല്‍ ഇതില്‍ രോഷം പൂണ്ട പാല്ക്കാരന് ഫ്യുവല്‍ പൈപ്പ് ഊരി ബൈക്കിന് തീയിട്ട ശേഷം സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. പ്രതിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇയാള്‍ മോഷ്ടിച്ച വണ്ടിയാണോ ഇതെന്ന് അന്വേഷിച്ചുവരുന്നതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.