ചെന്നൈ: രാജ്യത്ത് നരബലി അനുവദനീയമല്ലെങ്കിലും പലപ്പോഴും ദുര്‍മന്ത്രവാദത്തിനായി ഇന്നും നരബലി രാജ്യത്തിന്റെ പലയിടങ്ങളിലായും നടക്കുന്നുണ്ട്. ചെന്നൈയിലെ മൂന്നു വയസുകാരിയാണ് ഒടുവിലത്തെ ഇര. മാന്ത്രിക ശാക്തി വര്‍ധിപ്പിക്കാനായി മൂന്നു വയസുകാരിയുടെ കഴുത്ത് അറുത്ത് ബലി നല്‍കുകയായിരുന്നു. ശേഷം മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു.
സംഭവത്തില്‍ ചിന്നപ്പിള്ള എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 25നാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കഴുത്ത് അറുത്ത നിലയില്‍ തിങ്കളാഴ്ച്ചയോടെ കുട്ടിയുടെ മൃതദേഹം തമിഴ്നാട്ടിലെ കുരുമ്പട്ടി ഗ്രാമത്തിനു സമീപമുള്ള വനത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
കുട്ടിയെ കണ്ടെത്തുമ്പോള്‍ ദേഹത്ത് കിടന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടു തന്നെ മോഷണ ശ്രമമല്ല കൊലപാതകത്തിനു പിന്നിലെന്നു മനസ്സിലാക്കിയതോടെ പോലീസ് ദുര്‍മന്ത്രവാദമെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയായ യുവതിയെ കണ്ടെത്തുകയും, ചോദ്യം ചെയ്യലില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നുവെന്ന് ചിന്നപ്പിള്ള പോലീസിനോട് സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.