ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് മുന്നേറ്റം. രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്സഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മുംബൈ-കര്‍ണാടക മേഖലയിലെ ജമഖണ്ഡി, മൈസൂരു മേഖലയിലെ രാമനഗര നിയമസഭ മണ്ഡലങ്ങളിലേക്കും ബെല്ലാരി, ശിവമൊഗ്ഗ, മാണ്ഡ്യ എന്നീ ലോക്സഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ജമഖണ്ഡിയില്‍ കോണ്‍ഗ്രസിന്റെ ന്യാമഗൌഡ 32933 വോട്ടുകള്‍ക്ക് മുന്നേറുകയാണ്. രാമനഗരത്തില്‍ 65,990 വോട്ടിന്റെ ലീഡുമായി ജെഡിഎസ്സിന്റെ അനിതകുമാരി ഒന്നാമതുണ്ട്. ശിവമൊഗ്ഗയില്‍ ബിജെപിയുടെ ബിവൈ രാഘവേന്ദ്ര 32563 വോട്ടിന് മുന്നിലാണ്. 2004 മുതല്‍ ബിജെപി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്ന കാവിക്കോട്ട കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് മുന്നില്‍ തകരുകയാണ്. 2014 ലില്‍ ശ്രീരാമുലു 85,144 വോട്ടിന് ജയിച്ച സീറ്റാണ് ബെല്ലാരി. എന്നാല്‍ ബെല്ലാരിയില്‍ കോണ്‍ഗ്രസിന്റെ വിഎസ് ഉഗ്രപ്പ 151060 വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്. മാണ്ഡ്യയില്‍ ജെഡിഎസ് സ്ഥാനാര്‍ഥി എല്‍ആര്‍ ശിവരാമഗൗഡ 76952 വോട്ടുകള്‍ക്ക് ലീഡ് നേടിയിട്ടുണ്ട്.
ഒരേസമയം ഉപതെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത് കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് ഭരിക്കുന്ന കര്‍ണാടകയിലെ സഖ്യസര്‍ക്കാറിനുള്ള വിധിയെഴുത്തായും വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ഫല സൂചനയായുമാണ്. അടുത്തവര്‍ഷം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മൂന്നു ലോക്സഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ശക്തി തെളിയിക്കാനുള്ള അവസരം കൂടിയാണ്.
നിയമസഭ തെരഞ്ഞെടുപ്പിനായി ബി ശ്രീരാമുലു, ബിഎസ് യെദിയൂരപ്പ, സിഎസ് പുട്ടരാജു എന്നിവര്‍ രാജിവെച്ചതോടെയാണ് യഥാക്രമം ബെള്ളാരി, ശിവമൊഗ്ഗ, മാണ്ഡ്യ സീറ്റുകളില്‍ ഒഴിവുവന്നത്. 2014ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 27 സീറ്റുകളില്‍ 17 എണ്ണം ബിജെപിയും ഒമ്പതെണ്ണം കോണ്‍ഗ്രസും രണ്ടെണ്ണം ജെഡിഎസുമാണ് നേടിയത്.