ജലന്ധര്‍: പാകിസ്താനുവേണ്ടി ചാരപ്പണി നടത്തിയ ബിഎസ്ഫ് ജവാന് അറസ്റ്റില്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യ വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജവാനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്.
ഐഎസ്ഐയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് തെളിഞ്ഞതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സ്വദേശിയായ ഷെയ്ഖ് റിയാസുദ്ദീനാണ് പിടിയിലായത്. ദേശീയ സുരക്ഷാനയം അനുസരിച്ചും ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട് അനുസരിച്ചുമുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ബിഎസ്എഫില്‍ ഓപറേറ്ററായിരുന്നു റിയാസുദ്ദീന്‍.
അതിര്‍ത്തിയിലെ സംരക്ഷണവേലികളെ കുറിച്ചുള്ള വിവരങ്ങളും ദൃശ്യങ്ങളും ബിഎസ്എഫ് യൂണിറ്റ് ഓഫീസര്‍മാരുടെ ഫോണ്‍ നമ്പറുകളും ഐഎസ്ഐയ്ക്ക് ഇയാള്‍ കൈമാറിയതായും പോലീസ് വെളിപ്പെടുത്തി. രണ്ട് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്ഡുപകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. സൈനികനെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.