ഷാര്‍ജ: മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രകാശ് രാജ്. പ്രളയത്തില്‍ അകപ്പെട്ട കേരളം ചോദിച്ച സഹായം നല്കാന് വിസമ്മതിച്ച്, ഒരു പ്രതിമയ്ക്ക് വേണ്ടി 3000 കോടി ചിലവിട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടി ലജ്ജാകരവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണെന്ന് നടന് പ്രകാശ് രാജ്.
തികച്ചും തകര്‍ന്നുപോയ ഒരു ഘട്ടത്തിലാണ് കേരളം, കേന്ദ്രത്തോട് 2000 കോടിയുടെ സഹായം ആവശ്യപ്പെട്ടതെന്നും എന്നാല്‍ 600 കോടി മാത്രം നല്കി പ്രധാനമന്ത്രി കേരളത്തിന്റെ അടിസ്ഥാന ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘കേരളം ചോദിച്ചത് പിച്ചക്കാശല്ല, നമ്മുടെയെല്ലാം നികുതിപ്പണമാണ്. മോഡിയോട് ഒരു വെറുപ്പും തോന്നുന്നില്ല, കാരണം അദ്ദേഹം അതുപോലും അര്‍ഹിക്കുന്നില്ല. തുറന്നുപറച്ചിലുകളുടെ പേരില്‍ എന്നെ ചിലര്‍ ലക്ഷ്യമിടുന്നുണ്ട്. പക്ഷേ എനിക്കതില്‍ പേടിയില്ല’- പ്രകാശ് രാജ് പറഞ്ഞു.
തന്റെ കന്നഡ പുസ്തകത്തിന്റെ മലയാളം പതിപ്പായ ‘നമ്മെ വിഴുങ്ങുന്ന മൗനം’ ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യുന്നതിനിടെയാണ് പ്രകാശ് രാജിന്റെ രൂക്ഷ വിമര്‍ശനം.