സൂറത്ത്: മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ ഹോംഗാര്‍ഡുകള്‍. സ്ഥലം മാറ്റം ആവശ്യപ്പെട്ടപ്പോള്‍ കിടക്ക പങ്കിടണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടതെന്ന് അവര്‍ പറയുന്നു. 25ഓളം വനിതാ ഗാര്‍ഡുകളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി.
സ്ഥലംമാറ്റം ലഭിക്കാന്‍ ലൈംഗികലബന്ധത്തിലേര്പ്പെടാന് നിര്‍ബന്ധിച്ചെന്നും പണം ആവശ്യപ്പെട്ടെന്നുമാണ് അവരുടെ പരാതി. സംഭവം വിവാദമായതോടെ ആരോപണ വിധേയര്‍ക്കെതിരെ ഗുജറാത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മുതിര്‍ന്ന ഹോംഗാര്‍ഡുകളായ രണ്ടുപേരും വനിതാ ഹോംഗാര്‍ഡുമാരെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ലഭിക്കണമെങ്കില്‍ ഇരുവരും പണം ആവശ്യപ്പെടാറുണ്ടെന്നും, പണം നല്‍കിയില്ലെങ്കില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുമെന്നും പരാതിയില്‍ ആരോപിക്കുന്നു. ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ വിദൂര പ്രദേശങ്ങളിലേക്ക് സ്ഥലംമാറ്റം നല്കി പീഡിപ്പിക്കുമെന്നും, ജോലിക്കിടയില്‍ പോലും ശാരീരികമായി ഉപദ്രവിക്കുമെന്നും വനിതാ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. പരാതിയുടെ പകര്‍പ്പ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കൈമാറിയിട്ടുണ്ട്.