ചണ്ഡിഗര്‍: ടോയ്ലറ്റില് സാനിറ്ററി പാഡ് കണ്ടുവെന്നാരോപിച്ച് പെണ്‍കുട്ടികളെ വസ്ത്രമുരിഞ്ഞ് പരിശോധ നടത്തിയ അധ്യാപകര്‍ക്ക് സ്ഥലംമാറ്റം. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നേരിട്ടിടപെട്ടായിരുന്നു അധ്യാപകരെ സ്ഥലം മാറ്റിയത്. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ വിദ്യഭ്യാസ വിഭാഗം സെക്രട്ടറി കൃഷന് കുമാറിനെ മുഖ്യമന്ത്രി നിയോഗിച്ചു.
തിങ്കളാഴ്ചയോടുകൂടി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഫാസീല്ക്കയിലെ കുന്ദല്‍ ഗ്രാമത്തിലെ സ്കൂളില്‍ നടന്ന സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാവുകയാണ്. സ്കൂളില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ട് പരാതി പറയുന്ന ഒരു വീഡിയോയും പുറത്ത് വന്നിരുന്നു. തങ്ങളെ അധ്യാപകര്‍ അകാരണമായാണ് അപമാനിച്ചതെന്നു കുട്ടികള്‍ വീഡിയോയില്‍ പറയുന്നു.
‘പാഡുകള്‍ ശരിയായി ഉപയോഗിക്കുന്നതെങ്ങനെ എന്ന് പഠിപ്പിക്കേണ്ടതിനു പകരം അവര്‍ കുട്ടികളെ ക്രൂരമായി അപമാനിച്ചു. അതിനാലാണ് താന്‍ നടപടിയെടുത്തത്’ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശകലനം കിട്ടിയ ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സെക്രട്ടറിയോട് നേരിട്ട് റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.