പൂണെ: ദേശീയ പാതയില്‍ ഉള്ളി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ ജനം തിടുക്കം കൂട്ടിയത് ചിതറിക്കിടക്കുന്ന ഉള്ളി വാരിക്കൂട്ടാന്‍. മുംബൈ-പൂണെ എക്സ്പ്രസ് വേയില്‍ മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് പതിച്ചത്.
അപകടം അറിഞ്ഞെത്തിയ ആളുകള്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ അവഗണിച്ച് ഉള്ളി മോഷ്ടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഉള്ളിച്ചാക്കുകള്‍ മറിഞ്ഞ വിവരം കാട്ടുതീ പോലെയാണ് പടര്‍ന്നത്. സംഭവം അറിഞ്ഞ ജനം ചാക്ക് കെട്ടുകളുമായി വന്ന് ഉള്ളി വാരി എടുത്ത് കൊണ്ട് പോവുകയായിരുന്നു.
ആരും ശ്രദ്ധിക്കാതെ ഏറെസമയം റോഡില്‍ കിടന്ന ഡ്രൈവറെ പിന്നീട് പോലീസ് എത്തിയാണ് സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഡിവൈഡറില്‍ ഇടിച്ച ശേഷം പഴയ ഹൈവേയിലേക്ക് മറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഉള്ളി മോഷ്ടിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.