ന്യൂഡല്‍ഹി: പുതുതായി വന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയുടെ മീ ടു ആരോപണത്തില്‍ വിശദീകരണവുമായി മുന്‍ കേന്ദ്രമന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായ എംജെ അക്ബര്‍. പീഡപ്പിച്ചു എന്നുള്ളത് അടിസ്ഥാന വിരുദം ആണെന്നും ആ ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നുവെന്നും അക്ബര്‍ വെളിപ്പെടുത്തി. മാസങ്ങളോളം നീണ്ട ആ ബന്ധം വെറുമൊരു കുറിപ്പില്‍ തീരുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ മാധ്യമത്തിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തീവ്രമായ ബന്ധം തന്റെ കുടുംബ ജീവിതത്തിലും പ്രശ്നങ്ങള്‍ക്ക് കാരണമായതോടെ അവസാനിപ്പിക്കുകയായിരുന്നുവെന്നും അക്ബര്‍ പറയുന്നു. വാഷിങ്ടണ്‍ പോസ്റ്റിലൂടെയാണ് അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്യുന്ന പല്ലവി ഗൊഗോയി തന്റെ മുന്‍ മേധാവിയായ അക്ബറിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്.
ഏഷ്യന്‍ ഏജില് ജോലി ചെയ്യുന്ന സമയത്താണ് അക്ബറില് നിന്ന് മോശം അനുഭവുണ്ടായതെന്നായിരുന്നു പല്ലവിയുടെ വെളിപ്പെടുത്തല്‍. പല്ലവിയെ കൂടാതെ ഒരു വിദേശ വനിതയടക്കം ഒരു ഡസനോളം സ്ത്രീകള്‍ മീ ടുവിലൂടെ അക്ബറിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അക്ബര്‍ മന്ത്രിസ്ഥാനം രാജിവെച്ചത്.