ന്യൂഡല്‍ഹി: ചരക്കുസേവന നികുതി വരുമാനം വീണ്ടും ഒരു ലക്ഷം കോടി പിന്നിട്ടു. ഒക്ടോബര്‍ മാസത്തില്‍ ജിഎസ്ടി ഇനത്തില്‍ പിരിച്ചത് ഒരുലക്ഷം കോടി കടന്നതായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു. ഈ മാസത്തില്‍ രാജ്യത്തെ ഉത്പാദന മേഖലയിലുണ്ടായ ഉണര്‍വാണ് നികുതി വരുമാനത്തില്‍ പ്രതിഫലിച്ചത്.
1,00,710 കോടിയാണ് ലഭിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി ലക്ഷം കോടി എന്ന ലക്ഷ്യം കൈവരിച്ചത്. അതിന് ശേഷം 90,000 കോടിക്കു മുകളില്‍ മാത്രമാണ് തുടര്‍ച്ചയായി ലഭിച്ചത്. ഒക്ടോബര്‍ സെപ്തംബറില്‍ 94,442 കോടി രൂപയായിരുന്നു വരുമാനം. ഓഗസ്റ്റില്‍ 93,960 കോടി രൂപയും. കുറഞ്ഞ നിരക്കുകളും, നികുതി അടയ്ക്കാതെ ഒഴിഞ്ഞുമാറുന്ന പ്രവണത കുറഞ്ഞതും നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലുകളുമാണ് നികുതി വരുമാനം വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് ജെയ്റ്റ്ലി ട്വീറ്റില്‍ പറഞ്ഞു.
ഏപ്രിലില്‍ ഒരു ലക്ഷം കോടി കടന്ന ജിഎസ്ടി വരുമാനം മേയില്‍ 94,016 കോടിയായി കുറഞ്ഞിരുന്നു.
ഏറ്റവും അധികം വരുമാന വളര്‍ച്ച രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമാണ് മുന്നില്‍. 44 ശതമാനം വളര്‍ച്ചയാണ് കേരളം രേഖപ്പെടുത്തിയത്. തൊട്ടുപിന്നിലുള്ള ജാര്‍ഖണ്ഡിന്റെ വരുമാനം 20 ശതമാനമാണ്. രാജസ്ഥാന് 14 ഉം, ഉത്തരാഖണ്ഡ് 13 ഉം മഹാരാഷ്ട്ര 11 ശതമാനവും വളര്‍ച്ച നേടിയതായി ധനമന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.