ബംഗളൂരു: തെരഞ്ഞെടുപ്പുകളില്‍ മുള്‍മുനയില്‍ നിര്‍ത്തിയും വിലപേശലുകളും കൂറുമാറ്റത്തിലും തുടങ്ങി ചരിത്രനാളുകളിലൂടെയായിരുന്നു കര്‍ണാടക രാഷ്ട്രീയത്തിന്റെ സഞ്ചാരം. ഇപ്പോഴും കൂറുമാറ്റവും കളംമാറ്റി ചവിട്ടലും തകൃതിയായി തുടരുന്നുണ്ട്. ഇത്തവണത്തെ മാറ്റം തിരിച്ചടിയാകുന്നത് ബിജെപി നേതൃത്വത്തിനാണ്. രാമനഗരയിലെ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബിജെപി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍ ചന്ദ്രശേഖര്‍ ആണ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ഇവിടുത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ത്ഥി. ഒരുമാസം മുമ്പാണ് ചന്ദ്രശേഖര്‍ ബിജെപിയ്ക്കൊപ്പം ചേര്‍ന്നത്. ബിജെപിയില്‍ ഐക്യം ഇല്ലെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ പിന്തുണയ്ക്കുന്നില്ലെന്നും ആരോപിച്ചാണ് ചന്ദ്രശേഖര്‍ പാര്‍ട്ടി വിട്ടത്. ഇതോടെ അനിതയ്ക്ക് എതിരാളി ഇല്ലാതായി. ചന്ദ്രശേഖറിന്റെ മാറ്റം നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. അപ്രതീക്ഷിത മാറ്റമായിരുന്നു ചന്ദ്രശേഖറിന്റേത്.
മുഖ്യമന്ത്രി കുമാരസ്വാമി മത്സരിച്ച മണ്ഡലമാണ് രാമനഗര. ചന്നപട്ടണത്തിലും കുമാരസ്വാമി വിജയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാമനഗരത്തില്‍ നിന്ന് എംഎല്‍എ സ്ഥാനം കുമാരസ്വാമി രാജിവച്ചതും അവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും. രാമനഗര ജനതാദള്‍ എസിന്റെ ഉറച്ച മണ്ഡലമാണ്. കോണ്‍ഗ്രസിന്റെ പിന്തുണകൂടി ലഭിച്ചതോടെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ബിജെപിക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിയാത്ത മണ്ഡലം കൂടിയാണിത്.