ന്യൂഡല്‍ഹി: രാജ്യത്തെ വന്‍ അഴിമതിയായ റാഫേല്‍ കരാറില്‍ വീണ്ടും കേന്ദ്രത്തിന് ആശയക്കുഴപ്പം. ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്ന 36 റാഫേല്‍ പോര്‍വിമാനങ്ങളുടെ വിലയും ചിലവും പരസ്യപ്പെടുത്താനാകില്ലെന്ന് കേന്ദ്രം പറയുന്നു. പാര്‍ലമെന്റിനോടു പോലും വെളിപ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കേന്ദ്രം വിസമ്മതം അറിയിച്ചത്. എന്നാല്‍, വിലവിവരം പരസ്യമാക്കുന്നതില്‍ സര്‍ക്കാരിനുള്ള എതിര്‍പ്പിന്റെ കാരണം വിശദമാക്കി 10 ദിവസത്തിനകം സത്യവാങ്മൂലം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായ മൂന്നംഗ ബെഞ്ച് അറ്റോര്‍ണി ജനറല്‍ കെകെ. വേണുഗോപാലിനോട് നിര്‍ദേശിച്ചു.
റഫാല്‍ വിമാനങ്ങളുടെ വിലയും ചെലവും മേന്മകളെന്തെങ്കിലുമുണ്ടെങ്കില്‍ അതും വിശദമായി അറിയാന്‍ താത്പര്യമുണ്ടെന്ന് കോടതി സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍, ഇതു നല്കാന് സര്‍ക്കാര്‍ തയ്യാറായില്ല. രാജ്യസഭാംഗം സഞ്ജയ് സിങ്, മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷോരി, അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്, എംഎല് ശര്‍മ എന്നിവരുടെ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. റാഫേല്‍ വിമാനം വാങ്ങിയതിന്റെ ഔചിത്യത്തെയോ വ്യോമസേനയ്ക്ക് അതുകൊണ്ടുണ്ടാകുന്ന പ്രയോജനത്തെയോ പരാതിക്കാര്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ‘തീരുമാനമെടുക്കല്‍ പ്രക്രിയയെയും വിമാനത്തിന്റെ വിലയെയുമാണ്’ ചോദ്യം ചെയ്യുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനില്‍നിന്നാണ് ഇന്ത്യ റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നത്. യുദ്ധവിമാനങ്ങളുണ്ടാക്കുന്നതില് ഒരുതരത്തിലുള്ള മുന്പരിചയമോ വൈദഗ്ധ്യമോ ഇല്ലാത്ത റിലയന്‍സ് ഡിഫന്‍സ് പോലൊരു കമ്പനി 59,000 കോടി രൂപയുടെ അതിപ്രാധാന്യമുള്ള ഈ പ്രതിരോധ ഇടപാടിന്റെ ഭാഗമായതിനെയാണ് പരാതിക്കാര്‍ ചോദ്യം ചെയ്തത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡിനെ എന്തുകൊണ്ട് കരാറില്‍നിന്നു നീക്കി എന്നകാര്യത്തില്‍ വിശദീകരണവും തേടിയിട്ടുണ്ട്.
റാഫേല്‍ കരാറിലെ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് നിയമപ്രകാരം പരസ്യപ്പെടുത്താന്‍ കഴിയുന്ന ലഭ്യമായ വിവരങ്ങളെല്ലാം ഹാജരാക്കാന്‍ സുപ്രീംകോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കുന്ന രേഖയിലുള്ള തന്ത്രപ്രധാനവും രഹസ്യസ്വഭാവവുമുള്ള വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പരാതിക്കാര്‍ക്കോ മറ്റുകക്ഷികള്‍ക്കോ നല്കുകയില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ കൈമാറുന്ന വിവരങ്ങളില്‍ പലതും ഔദ്യോഗികരഹസ്യ നിയമത്തിന്റെ പരിധിയില്‍ വരുന്നതും വെളിപ്പെടുത്താന്‍ പാടില്ലാത്തതുമാണെന്ന് വേണുഗോപാല്‍ പറയുന്നു.