ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ച നേടുന്നതിനായി കേന്ദ്രസര്‍ക്കാരിനോട് ചേര്‍ന്ന് അച്ചടക്കം പാലിച്ച് തന്നെ പ്രവര്‍ത്തിക്കണം അല്ലാത്തപക്ഷം രാജിവെച്ച് ഒഴിയണമെന്ന് ആര്‍എസ്എസ് സാമ്പത്തിക വിഭാഗം തലവന്‍ അശ്വനി മഹാജന്. ആര്‍ബിഐ ഗവര്‍ണര്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യപ്പെടുത്തുന്നതിനെ തടയണം.
അച്ചടക്കം പാലിക്കാന്‍ തയ്യാറാകാത്തവര്‍ രാജിവെക്കുന്നതാണ് നല്ലതെന്നും അശ്വനി മഹാജന് കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരുമായുള്ള ശീതസമരം രൂക്ഷമാകുന്നതിനിടയില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആര്‍ബിഐയുടെ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിച്ചതാണ് രാജി വാര്‍ത്ത പരക്കാന്‍ കാരണം.
ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ സര്‍ക്കാരിന്റെ കൈകടത്തലിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു സര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള ശീതസമരത്തിന് തുടക്കം കുറിച്ചത്.