തിരുവനന്തപുരം: രണ്ടാം ചാന്ദ്രദൗത്യത്തിനായുള്ള ഐഎസ്ആര്‍ഒയുടെ ചാന്ദ്രയാന്‍2 വിക്ഷേപണം അടുത്ത വര്‍ഷം ആദ്യം. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിപുലമായ പര്യവേഷണമാണ് ചാന്ദ്രയാന്‍2 ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ജനുവരി മൂന്നിന് ശേഷമാകും വിക്ഷേപണം നടക്കുക.
ഓര്‍ബിറ്ററും ലാന്‍ഡറും റോവറും ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍2. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലാകും പേടകം വിക്ഷേപിക്കുക. ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് ഘട്ടംഘട്ടമായി പേടകത്തെ ചാന്ദ്രപഥത്തിലെത്തിക്കും. തുടര്‍ന്ന് ചന്ദ്രന്റെ പ്രതലത്തിലേക്ക് ലാന്‍ഡറിനെ പതിയെ ഇറക്കും. സങ്കീര്‍ണമായ ഈ പ്രക്രിയക്കുള്ള ‘പരിശീലന’മാണ് വിക്രം എന്ന് പേരിട്ടിരിക്കുന്ന ലാന്‍ഡറിന് ഇപ്പോള്‍ നല്‍കുന്നത്.
ഗുരുത്വാകര്‍ഷണവും അന്തരീക്ഷഘടനയും ഏറെ വ്യത്യസ്ഥമായ ചന്ദ്രനില്‍ സുരഷിതമായ ലാന്‍ഡിങ് ഉറപ്പാക്കുന്നതിനുളള പരീക്ഷണമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം മഹേന്ദ്രഗിരിയിലെ ഐപിആര്സിയിലൊരുക്കിയ പ്രത്യേക സംവിധാനത്തില്‍ നടത്തിയ പരീക്ഷണം വിജയകരമായി. 2008 ഒക്ടോബര്‍ 22നാണ് ചന്ദ്രയാന്‍1 വിക്ഷേപിച്ചത്. ഭ്രമണപഥത്തില്‍നിന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇടിച്ചിറക്കി അന്തരീക്ഷത്തെക്കുറിച്ചു പഠനം നടത്തുകയായിരുന്നു പ്രധാനലക്ഷ്യം. ചന്ദ്രനില്‍ ജല സാന്നിധ്യം കണ്ടെത്തിയത് ഈ ദൗത്യമായിരുന്നു.