പശ്ചിമ ബംഗാള്‍: ഓണ്‍ലൈന്‍ വഴി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്കു ലഭിച്ചത് അഞ്ചു രൂപയുടെ ബാര്‍ സോപ്പ്. ഉലുബേറിയ സ്വദേശിയായ മുഹമ്മദ് അഷ്റഫുള്‍ ആണ് കബളിപ്പിക്കപ്പെട്ടത്. പാഴ്സല്‍ തുറന്നപ്പോള്‍ ബാര്‍ സോപ്പ് കണ്ട ഇയാള്‍ കോപിതനാവുകയും പോസ്റ്റ് മാസ്റ്ററെ കടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്തു. ശേഷം പോസ്റ്റ് ഓഫിസിലെ പണപ്പെട്ടിയുമായി കടക്കാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു.
3500 രൂപയുടെ സെല്‍ ഫോണ്‍ ആണ് അഷ്റഫുള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. 98 രൂപ ഷിപ്പിങ് ചാര്‍ജും ഈടാക്കുമെന്ന് ഓണ്‍ലൈന്‍ വ്യാപാരികള്‍ അറിയിച്ചിരുന്നു. ഉലുബേറിയയിലെ തന്റെ ഗ്രാമമായ ഗംഗാരാംപുരില് വിതരണം ഇല്ലെന്ന് അറിയിച്ചതിനാല്‍ തൊട്ടടുത്ത പോസ്റ്റ് ഓഫീസിലെ അഡ്രസ് ആണ് ഇയാള്‍ നല്‍കിയത്.
വെള്ളിയാഴ്ച വൈകിട്ട് അഷ്റഫുളിന് പോസ്റ്റ് മാസ്റ്ററുടെ ഫോണ്‍ വന്നു. പാഴ്സല്‍ വന്നിട്ടുണ്ടെന്നും 3598 രൂപയുമായി എത്താനുമായിരുന്നു സന്ദേശം. ഇത് അനുസരിച്ച് പണം നല്കി പാഴ്സല്‍ കൈപ്പറ്റി. തുറന്നുനോക്കിയപ്പോളാണ് അഞ്ചു രൂപ വിലയുള്ള ബാര്‍ സോപ്പ് കണ്ടത്.
ക്ഷുഭിതനായ അഷ്റഫുള്‍ പണം തിരിച്ചുനല്‍കാന്‍ പോസ്റ്റ്മാസ്റ്ററോട് ആവശ്യപ്പെട്ടു. തനിക്കു പാഴ്സല്‍ കൈമാറാന്‍ മാത്രമേ അധികാരമുള്ളൂവെന്ന് പറഞ്ഞ പോസ്റ്റ്മാസ്റ്ററെ അഷ്റഫുള്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ് ഓഫീസിലെ പണപ്പെട്ടിയുമായി ഓടി. പോസ്റ്റ്മാസ്റ്റര്‍ ഒച്ചവച്ചതു കേട്ട് ഓടിയെത്തിവര്‍ അഷ്റഫുളിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.