ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് തിങ്കളാഴ്ച ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്കെ കൗള്‍, കെഎം ജോസഫ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ഈ കേസ് നേരത്തേ പരിഗണിച്ചതും സുപ്രധാന തീരുമാനത്തിലെത്തിയതും മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്, അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ചായിരുന്നു. മസ്ജിദുകള്‍ ഇസ്ലാമിന്റെ അനിവാര്യഘടകമാണോ എന്ന വിഷയം വിശാല ബെഞ്ചിനു വിടേണ്ടതില്ലെന്നായിരുന്നു ബെഞ്ചിന്റെ ഭൂരിപക്ഷ വിധി.
അന്ന് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ മാത്രം ഇതിനോട് വിയോജിച്ചിരുന്നു. തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്ന അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചു നല്കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിശോധിക്കുന്നത്.