ലഖ്നൗ: യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഓംപ്രകാശ് രാജ്ഭര്‍. സമൂഹത്തിന്റെ താഴെക്കിടയിലുള്ള ആളുകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പരാജയപ്പെട്ട യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അക്കാര്യത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ അയോധ്യ ക്ഷേത്രവിഷയം ഉപയോഗിക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു.
സര്‍ക്കാര്‍ നയം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ താന്‍ രാജി വെയ്ക്കാനൊരുക്കമാണെന്നും രാജ്ഭര്‍ അറിയിച്ചു. അധികാരത്തിന്റെ രുചി നുണയാനല്ല താന്‍ രാഷ്ട്രീയത്തിലെത്തിയതെന്നും ജനങ്ങളെ സേവിക്കുകയാണ് തന്റെ ഉദ്ദേശമെന്നും രാജ്ഭര്‍ പറഞ്ഞു. പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് ഓംപ്രകാശ് രാജ്ഭര്‍ ഭരണകക്ഷിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് എസ്ബിഎസ്പി. ഭരണത്തിലെ പിഴവുകള്‍ മറയ്ക്കാനാണ് യോഗിസര്‍ക്കാര്‍ സാമുദായികമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതെന്നും രാജ്ഭര്‍ വിമര്‍ശിച്ചു. നിര്‍ധനരായവര്‍ക്ക് അര്‍ഹിക്കുന്ന അവകാശം നല്‍കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ക്ഷേത്രങ്ങളേയും പള്ളികളേയും കുറിച്ച് സംസാരിക്കാനാണ് മുഖ്യമന്ത്രിയ്ക്ക് താല്പര്യമെന്നും രാജ്ഭര്‍ കൂട്ടിച്ചേര്‍ത്തു.