ന്യൂഡല്‍ഹി: നോയിഡയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സംരംഭകരായ അമ്രപാലി ഗ്രൂപ്പിനെതിരേയുള്ള കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ചന്ദര്‍ വാധ്വയുടെ ഓര്‍മ്മ നഷ്ടപ്പെട്ടെന്ന വാദം നുണയാണെന്ന് സുപ്രീംകോടതിയില്‍ തെളിഞ്ഞു.
കമ്പനിയുടെ ഫ്ളാറ്റുകള്‍ ബുക്ക് ചെയ്ത 42,000 പേരില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നതാണ് അമ്രപാലി ഗ്രൂപ്പിനെതിരായ കേസ്. എന്നാല്‍ തനിക്കൊന്നും ഓര്‍മ്മയില്ലെന്ന് വരുത്തിത്തീര്‍ത്ത് കേസില്‍നിന്നും രക്ഷപ്പെടാനായിരുന്നു ചന്ദര്‍ വാധ്വയുടെ പദ്ധതി.
കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ഓര്‍മ്മ നഷ്ടപ്പെട്ടെന്ന ചന്ദര്‍ വാധ്വയുടെ വാദം യഥാര്‍ത്ഥമാണോ എന്ന സംശയത്തെ തുടര്‍ന്ന് പരിശോധന നടത്താന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ഇതിനായി ഫോറന്‍സിക് ഓഡിറ്റര്‍മാരെ പരിശോധനയ്ക്കായി ഏര്‍പ്പെടുത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ തനിക്കൊന്നും ഓര്‍മ്മയില്ലെന്ന തരത്തില്‍ ചന്ദര്‍ പെരുമാറി. എന്നാല്‍ ഓഡിറ്റര്‍മാരുടെ ചോദ്യത്തില്‍ പതറിപ്പോയ ചന്ദറിന്റെ കള്ളി വെളിച്ചത്താകുകയായിരുന്നു.
ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യുയു ലളിത് എന്നിവരങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ജസ്റ്റിസ് ലളിത് നിരവധി ചോദ്യങ്ങള്‍ വാധ്വയോട് ചോദിച്ചു. ജോലിയില്‍ പ്രവേശിച്ച ദിവസം, തസ്തിക ഏതായിരുന്നു എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും, ക്ഷമിക്കണം തനിക്കൊന്നും ഓര്‍മ്മയില്ലെന്നായിരുന്നു വാധ്വയുടെ മറുപടി.
എന്നാല്‍ വിവാഹ ദിവസം, പഠിച്ച കോളേജിന്റെ പേര്, സ്കൂളില്‍നിന്ന് പഠിച്ചിറങ്ങിയ വര്‍ഷം എന്നീ ചോദ്യങ്ങള്‍ക്ക് വളരെ കൃത്യമായി മറുപടി പറഞ്ഞതോടെ വാധ്വയ്ക്ക് ഓര്‍മ്മ നഷ്ടപ്പെട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് കള്ളം പറഞ്ഞതാണെന്ന് മനസ്സിലാക്കിയ ഫോറന്‍സിക് ഓഡിറ്റര്‍മാരോട് വാധ്വ ക്ഷമ ചോദിക്കുകയും ഓര്‍മ്മ നഷ്ടപ്പെട്ടിട്ടില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തു.