ന്യൂഡല്‍ഹി: സമ്പൂര്‍ണ്ണ മദ്യനിരോധനവും പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യഭ്യാസം തുടങ്ങി ജനഹിതം അറിഞ്ഞ് പ്രകടനപത്രിക ഇറക്കി കോണ്‍ഗ്രസ്. ബിജെപിയെ മുട്ടു കുത്തിക്കുക ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ചുള്ള പ്രകടന പത്രിക പുറത്ത് ഇറക്കിയിരിക്കുന്നത്. യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണ് തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെന്ന് കോണ്‍ഗ്രസ് പറയുന്നു.
മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ ഭക്ഷ്യോല്പന്ന നിര്‍മ്മാണ യൂണിറ്റ്, സര്‍ക്കാര്‍ അധികാരത്തിലേറി പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും,നെല്ലിന് താങ്ങുവിലയായി ക്വിന്റലിന് 2500 രൂപ ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുണ്ട്.
പതിനഞ്ച് വര്‍ഷത്തെ ബിജെപി ഭരണത്തിന് അറുതി വരുത്താനുള്ള പോരാട്ടത്തിലാണ് ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതൃത്വം. ജനഹിതം അറിഞ്ഞുള്ള പ്രകടനപത്രികയാണ് തങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് അറിയിച്ചു. ‘യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്നു നില്ക്കുന്നതും വ്യത്യസ്തതയുള്ളതുമാണ് ഞങ്ങളുടെ പ്രകടനപത്രിക. എല്ലാ വാഗ്ദാനങ്ങളും പാലിക്കാനാവുന്നതാണ്. ഇത് കേവലം വാചാടോപം മാത്രമല്ല. ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുള്ള കാര്യം മാത്രമാണ്.’
കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. അധികാരത്തിലെത്തിയാല്‍ ഗുജറാത്ത് മോഡല്‍ മദ്യനിരോധനം നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മദ്യവില്‍പ്പനയ്ക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ഈ അവസരം വിനിയോഗിച്ച് ഭരണം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.