ന്യൂഡല്‍ഹി: സ്വന്തം കുഞ്ഞാണെന്ന് കരുതി പാവയെ തലോടിയും ഉമ്മവെച്ചും ഒരു അമ്മയുടെ ചിത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങളുടെ കണ്ണിനെ ഈറനണിയിപ്പിക്കുന്നത്. സമരഭൂമിയായ ജന്തര്‍മന്ദറില്‍ നിന്നാണ് കണ്ണിനെ മനസിനെ തളര്‍ത്തുന്ന കാഴ്ച എത്തുന്നത്.
ക്യാമറാമാന് സിആര്‍ രജിത്ത് പകര്‍ത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കൈയ്യിലുള്ള പാവയെ സ്വന്തം കുഞ്ഞാണെന്ന് കരുതി തഴുകിയും തലോടിയും താലോലിച്ചും സ്വന്തം മകളെപോലെ ഓമനിക്കുകയാണ് ഇവര്‍. കുറച്ചുനാളായി ജന്തര്‍മന്ദിറില്‍ സ്ഥിരം കാഴ്ചയാണ് ഇവര്‍. മാനസിക വിഭ്രാന്തിയുള്ള ഇവര്‍ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്.
പ്രായമായപ്പോള്‍ മക്കള്‍ ഇവരെ തെരുവില്‍ ഉപേക്ഷിച്ചതാണെന്നും പറയപ്പെടുന്നു. ലോക മാനസികാരോഗ്യവാരം ആചരിക്കുമ്പോഴും പുനഃരധിവസിപ്പിക്കാത്ത ഒട്ടെറെ സ്ത്രീകള്‍ ഡല്‍ഹിയുടെ തെരുവുകളില്‍ നിത്യകാഴ്ചയാണ്. സര്‍ക്കാരുകള്‍ ഇവര്‍ക്കായി ചെലവിടുന്ന കോടികള്‍ അര്‍ഹരായവരിലേക്ക് എത്തുന്നില്ല എന്നതാണ് വസ്തുത.