ന്യൂഡല്‍ഹി: കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ സൈക്കിളിന് തലയ്ക്കടിയേറ്റ് എട്ട് വയസുകാരന് ദാരുണാന്ത്യം. സംഭവത്തില്‍ നാല് കളിക്കൂട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായം കണക്കിലെടുത്ത് ഇവരെ ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റി. ദസ് ഉള് ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാര്‍ത്ഥിയായ ഹരിയാന സ്വദേശി മുഹമ്മദ് അസീമാണ് പരിസരവാസികളായ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തിലാണ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. മദ്രസയിലെ കുട്ടികളുമൊത്ത് കളിക്കുകയായിരുന്ന അസീമിനെ പുറത്തുനിന്ന് വന്ന കുറച്ച് കുട്ടികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ സൈക്കിള്‍ ഉപയോഗിച്ച് തലയില്‍ അടിച്ചതോടെ അസീം ബോധരഹിതനായി നിലത്തുവീഴുകയായിരുന്നവെന്ന് കെയര്‍ടേക്കറായ മൗലാന അലി ജൗഹര്‍ പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയവര്‍ അസീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. എട്ടു മുതല്‍ 12 വയസുവരെയുള്ള കുട്ടികളാണ് അസീമിനെ ആക്രമിച്ചത്. സ്ഥലത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണെന്നും ഡിസിപി വിജയകുമാര്‍ പറഞ്ഞു. അതേസമയം, സംഭവസ്ഥലം സംബന്ധിച്ച് കോടതിയില്‍ കേസ് നടക്കുന്നുണ്ട്. സ്ഥിരമായി ഭൂമിയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലമാണിത്. കഴിഞ്ഞ കുറച്ച് മാസത്തിനുള്ളില്‍ 15ഓളം പരാതികളാണ് ഇതുസംബന്ധിച്ച് ലഭിച്ചിട്ടുള്ളതെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.