ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭാര്യയെ പൊണ്ണത്തടിയുടെ പേരില്‍ മുത്തലാഖ് ചൊല്ലിയതായി പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജബുവ സ്വദേശി ആരിഫ് ഹുസൈനാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മേഘ്നഗറിലെ ഷെരാണി മുല്ല സ്വദേശിയായ സല്‍മ ഭാനു നല്കിയ പരാതിയിലാണ് കേസ്.
പൊണ്ണത്തടി കാരണമാണ് ഭര്‍ത്താവ് മൊഴി ചൊല്ലിയതെന്ന് ഭാര്യ സല്‍മ ഭാനു പരാതിയില്‍ ആരോപിച്ചു. പൊണ്ണത്തടിയാണെന്ന് പറഞ്ഞ് ആരിഫ് വളരെ മോശമായി പെരുമാറുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്യാറുണ്ടെന്ന് അവര്‍ ആരോപിച്ചു. മേഘ്നഗറിലെ വീട്ടിലെത്തിയാലും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കും. ഇതിനിടയില്‍ ആരിഫ് തന്നെ മൊഴി ചൊല്ലുകയും ചെയ്തപ്പോഴാണ് പോലീസില്‍ പരാതി നല്കാന് തീരുമാനിച്ചതെന്നും ഭാനു വ്യക്തമാക്കി.
ഇയാള്‍ക്കെതിരെ 2018 പുതിയ മുസ്ലീം വനിതാ (വിവാഹ സംരക്ഷണ അവകാശം) നിയമപ്രകാരം കേസെടുത്തതായി മേഘ്നഗര്‍ എസ്എച്ച്ഒ കുശാല്‍ സിങ്ങ് റാവത്ത് പറഞ്ഞു. 10 വര്‍ഷം മുമ്പാണ് സല്‍മ ഭാനുവും ആരിഫും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.