ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടെ നിയമനത്തിന് സ്വതന്ത്ര സംവിധാനം വേണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. വിഷയത്തില്‍ സൂക്ഷ്മ പരിശോധന ആവശ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ജഡ്ജി നിയമനങ്ങളെ മാതൃകയാക്കി തെരഞ്ഞെടുപ്പ് കമീഷണര്‍മാരെ നിയമിക്കാന്‍ കൊളീജിയം സംവിധാനം നടപ്പാക്കണമെന്ന് ഹര്‍ജിക്കാരനായ അനൂപ് ഭരണ്വാളിനുവേണ്ടി ഹാജരായ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമീഷണര്‍മാരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിന് മാത്രമാണെന്നും ടി എന്‍ ശേഷന് ഉള്‍പ്പെടെയുള്ള മികച്ച തെരഞ്ഞെടുപ്പ് കമീഷണര്‍മാരെ രാജ്യത്തിന് സംഭാവന ചെയ്തത് സര്‍ക്കാര്‍ സംവിധാനം തന്നെയാണെന്നും അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ വാദിച്ചു.
തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടെ നിയമനസംവിധാനം മാറ്റിയാല്‍ സിഎജി ഉള്‍പ്പെടെയുള്ള തസ്തികകളിലേക്കുള്ള നിയമനസംവിധാനവും മാറ്റേണ്ടിവരുമെന്നും എജി ചൂണ്ടിക്കാട്ടി. എന്നാല്‍, സിഎജിയുടെയും തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടെയും സേവനവ്യവസ്ഥ വ്യത്യസ്തമാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ പറഞ്ഞു