ന്യൂഡല്‍ഹി: മോഷണക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത സ്ത്രീയെയും മകളെയും നഗ്നരാക്കി മര്‍ദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥ. പുരുഷ സഹപ്രവര്‍ത്തകരുടെ കണ്മുന്പില് ഇട്ടാണ് ഈ ക്രൂരത നടത്തിയത്. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ട് ഛത്തീസ്ഗഡ് പോലീസ് മേധാവിയ്ക്ക് കമ്മീഷന് നോട്ടീസയച്ചു.
ബിലാസ്പുരിലെ പോലീസ് സ്റ്റേഷനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. അറുപതുകാരിയായ സ്ത്രീയെയും ഇരുപത്തേഴുകാരിയായ മകളെയും പോലീസുദ്യോഗസ്ഥ അതിദാരുണമായി മര്‍ദിച്ചുവെന്നാണ് കമ്മീഷന്റെ റിപ്പോര്‍ട്ട്. ഇരുവര്‍ക്കും ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും ഗുരുതര പരിക്കേറ്റിട്ടുണ്ട്. അമ്മയായ സ്ത്രീ അതിരക്തസമ്മര്‍ദരോഗിയാണെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടും ചികിത്സ നല്കാന് കൂട്ടാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൃത്യം ചെയ്ത ഉദ്യോഗസ്ഥയ്ക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമാക്കാനും കമ്മിഷന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാകൃതവും മനുഷ്യത്വരഹിതവുമാണ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി എന്ന് കമ്മിഷന് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. കൃത്യമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മീഷന് തുറന്നടിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ഒക്ടോബര്‍ 26 ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ബിലാസ്പുര്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.